pak-army

ന്യൂഡൽഹി: ഭീകരസംഘടനകൾക്കെതിരെ ആഗോള തലത്തിൽ ഇന്ത്യ നടത്തിയ ഇടപെടലുകൾ പാകിസ്ഥാനിലെ പ്രധാന ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾ താറുമാറാക്കിയതോടെ പുതിയ തന്ത്രം പുറത്തെടുത്ത് പാക് രഹസ്യാന്വേഷണ ഏജൻസി. രാജ്യത്ത് പ്രവർത്തിക്കുന്ന ചെറിയ ഭീകരസംഘടനകൾക്ക് സാമ്പത്തിക, സൈനിക സഹായം നൽകാനാണ് ഐ.എസ്.ഐയുടെ നീക്കമെന്ന് അറിയുന്നു. പ്രദേശത്ത് കാര്യമായ സ്വാധീനമില്ലാതിരുന്ന അൽ ഖ്വയിദയെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ ഭീഷണി വീഡിയോ തയ്യാറാക്കിയതിന് പിന്നിലും ഇതേ തന്ത്രമാണെന്നാണ് വിലയിരുത്തൽ. ഭീകരവാദ വിഷയത്തിൽ രാജ്യാന്തര തലത്തിൽ തന്നെ ഒറ്റപ്പെട്ട പാകിസ്ഥാൻ ഇക്കാര്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തെളിയിക്കാൻ കൂടിയാണ് അൽ ഖ്വയിദ തലവൻ സവാഹിരിയുടെ പേരിൽ വീഡിയോ പുറത്തിറക്കിയതെന്നാണ് വിവരം.

പുൽവാമ സംഭവത്തിന് ശേഷം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്ന് പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയിബ, ഹിസ്‌ബുൽ മുജാഹിദീൻ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകസംഘടനകളുടെ പ്രവർത്തനം താറുമാറായിരുന്നു. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാനും പാകിസ്ഥാൻ നിർബന്ധിതമായി. ഇതിന് പിന്നാലെയാണ് ചെറിയ ഭീകരസംഘടനകളെ ഉപയോഗിച്ച് ഒളിയുദ്ധം നടത്താൻ ഐ.എസ്.ഐ തയ്യാറെടുത്തത്. ഏതാണ്ട് എട്ടോളം ഭീകരസംഘടനകളെയാണ് ഐ.എസ്.ഐ നോട്ടമിട്ടിരിക്കുന്നത്. സിപായെ സഹാബ, ജെയ്‌ഷുൽ ആദിൽ, ലഷ്‌കറെ ഉമർ, അൽ ബാദർ, തെഹ്‌രികുൽ മുജാഹിദ്ദീൻ, അൽ ഉമർ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുമായി ഐ.എസ്.ഐ ഇതിനോടകം തന്നെ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ബലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ അതിർത്തി വഴിയുള്ള പാക് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം 43 ശതമാനം കുറഞ്ഞതായാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മുമ്പത്തേക്കാൾ കാശ്‌മീരിലെ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടു. തീവ്രവാദികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുകയെന്ന നയമാണ് ഇപ്പോൾ ഇന്ത്യ സ്വീകരിക്കുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.