അമേത്തി: തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ശേഷം തന്റെ പഴയ മണ്ഡലമായ അമേത്തിയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവന അക്ഷരാർത്ഥത്തിൽ കോൺഗ്രസ് പ്രവർത്തകരെ ഞെട്ടിച്ചു. പ്രതിപക്ഷത്തിന്റെ പണി ചെയ്യുക എളുപ്പമാണെന്നും താൻ അത് നന്നായി ആസ്വദിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞതാണ് പ്രവർത്തകരെ ഞെട്ടിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാണ്, മുഖ്യമന്ത്രി സ്ഥാനത്ത് യോഗി ആദിത്യനാഥും പാർലമെന്റ് അംഗമായി സ്‌മൃതി ഇറാനിയുമാണ് നിലവിലുള്ളത്. ഇപ്പോൾ നമുക്ക് ചെയ്യേണ്ടത് പ്രതിപക്ഷത്തിന്റെ ജോലിയാണ്. പ്രതിപക്ഷത്തിന്റെ ദൗത്യം വളരെ ആസ്വാദകരവും എളുപ്പവുമായ ഒന്നാണ്. അതുകൊണ്ട് പ്രതിപക്ഷത്തിന്റെ ജോലി എല്ലാ പ്രവർത്തകരും നന്നായി നിറവേറ്റണമെന്നും രാഹുൽ കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തിയിൽ രാഹുൽ ഗാന്ധിയെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണ് 55,000 വോട്ടുകൾക്ക് തോൽപ്പിച്ചത്. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധി പതിനഞ്ച് വർഷവും പ്രതിനിധീകരിച്ച മണ്ഡലത്തിലെ തോൽവി കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. എന്നാൽ രണ്ടാം മണ്ഡലമായ വയനാട്ടിൽ നിന്നും രാഹുൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എന്നാൽ അമേത്തിയ്‌ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും താൻ ഓടിയെത്തുമെന്ന് രാഹുൽ ഗാന്ധി പ്രവർത്തകർക്ക് ഉറപ്പ് നൽകി. ഞാൻ നിങ്ങൾക്ക് അന്യനാണെന്ന് കരുതരുത്. രാജ്യത്ത് നടക്കുന്ന വിവിധ പ്രശ്‌നങ്ങളിൽ പ്രവർത്തകർ ക്രിയാത്മകമായി ഇടപെടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് രാഹുലിന്റെ അമേത്തി സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് പദവി രാഹുൽ ഒഴിഞ്ഞെങ്കിലും പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.