18-dogs

ടെക്സസ്: അമേരിക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ 57കാരനെ 18 നായ്ക്കൾ ചേർന്ന് ഭക്ഷണമാക്കിയെന്ന് പൊലീസ് കണ്ടെത്തൽ. ടെക്‌സസിന് സമീപത്തെ വെനസ് എന്ന ഗ്രാമപ്രദേശത്ത് താമസിച്ചിരുന്ന ഫ്രഡീ മാക്ക് എന്നയാളെയാണ് നായ്ക്കൾ കടിച്ചുകീറി ഭക്ഷണമാക്കിയത്. ഈ 18 നായ്ക്കൾ ഇദ്ദേഹം തന്നെ വളർത്തുന്നതാണെന്നാണ് റിപ്പോർട്ട്. അതേസമയം, മാക്ക് മരിക്കാൻ നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഫ്രഡി മാക്കിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ടെക്സസ് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാക്കിന്റെത് എന്ന് തോന്നിക്കുന്ന അസ്ഥികൂടങ്ങൾ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇത് മാക്കിന്റേതാണെന്ന് ആദ്യം സംശയിച്ചിരുന്നില്ല. എന്നാൽ നായ്ക്കളുടെ വിസർജ്യത്തിൽ മനുഷ്യന്റെ വസ്ത്രങ്ങളും തലമുടികളും കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ജോൺസൺ കൗണ്ടി ഷെരിഫ് ആദം കിംഗ് പറയുന്നത് ഇങ്ങനെ, ആദ്യഘട്ട അന്വേഷണത്തിൽ അവിശ്വസനീയമായ കാര്യങ്ങളാണ് കണ്ടെത്തിയത്. കാരണം ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല. നായ്ക്കൾ മനുഷ്യ മാംസം തിന്നുന്ന കാര്യം കേട്ടിട്ടുണ്ട്. എന്നാൽ വസ്ത്രവും മുഴുവൻ മാംസവും കഴിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. നായ്ക്കൾ അവരെ വളർത്തുന്നയാളെ തന്നെ ഭക്ഷണമാക്കുമെന്ന് വിശ്വസിക്കാൻ മുതിർന്ന ഓഫീസർമാക്ക് അദ്യം കഴിഞ്ഞിരുന്നില്ലെന്നും ജോൺസൺ കൗണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ശേഖരിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധന നടത്തിയതിന് ശേഷമാണ് മാക്കിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, മാക്ക് മറ്റെന്തെങ്കിലും അസുഖം ബാധിച്ച് മരിച്ചതാവാമെന്നും തുടർന്ന് മൃതദേഹം നായ്ക്കൾ ചേർന്ന് ഭക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവ സ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച 13 നായ്ക്കളെ വെടിവച്ചു കൊന്നിട്ടുണ്ട്. രണ്ടെണ്ണത്തിനെ മറ്റു നായ്ക്കൾ വകവരുത്തി. മൂന്നു നായ്ക്കൾ വീട്ടിൽ തന്നെയുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ മരിച്ച യജമാനന്മാരെ നായ്ക്കൾ ആഹാരമാക്കിയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നു ഈ മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ മുഴുവൻ മാംസവും ഭക്ഷണമാക്കിയ സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.