മുംബയ്: വിവാഹിതയായ കാമുകിയെ കാണാൻ ഫ്ലാറ്റിലേക്ക് വലിഞ്ഞു കയറിയ 19കാരൻ നിയന്ത്രണം വിട്ട് താഴെ വീണ് മരിച്ചതായി റിപ്പോർട്ട്. ഫ്ലാറ്റിന്റെ ഒൻപതാം നിലയിലേക്ക് പാരപ്പറ്റ് വഴി വലിഞ്ഞു കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീട്ടിൽ കാമുകിയുടെ ഭർത്താവിനെ കണ്ട വെപ്രാളത്തിൽ നിയന്ത്രണം വിട്ട് വീണതാണെന്നാണ് കരുതുന്നത്. മുംബയിലെ അഗ്രിപഡ എന്ന സ്ഥലത്ത് ബുധനാഴ്ച രാത്രി 2.30ഓടെയായിരുന്നു സംഭവം. ബീഹാർ സ്വദേശിയായ യുവാവ് ഇതേ ഫ്ലാറ്റിൽ അമ്മാവനോടൊപ്പമാണ് താമസിക്കുന്നത്.
ഒൻപതാം നിലയിലെ താമസക്കാരിയും വിവാഹിതയുമായ 24കാരിയുമായി യുവാവ് പ്രണയത്തിലായിരുന്നു. അടുത്തിടെ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് യുവാവ് പുറത്തുവരുന്നത് അമ്മാവൻ കണ്ടിരുന്നു. ഇതേ തുടർന്ന് ഇവർ തമ്മിൽ വഴക്കിട്ടിരുന്നു. തുടർന്ന് അമ്മാവൻ കാണാതെ ഫ്ലാറ്റിലേക്ക് എത്താൻ ഈ വഴി തിരഞ്ഞെടുത്തതാണ് അപകടത്തിൽ കലാശിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുലർച്ചെയോടെ ഫ്ലാറ്റിൽ വെള്ളം നിറയ്ക്കാൻ പോയ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.