gold-rate

കൊച്ചി: സ്വർണവില കുതിച്ചുയരുന്നു. ഒരാഴ്ച്ചയ്ക്ക് ശേഷമാണ് സ്വ‍ർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. കേരളത്തിൽ റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 25,800 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഇനിയും വില വർദ്ധിച്ചേക്കുമെന്നാണ് വ്യാപാരികൾ സൂചിപ്പിക്കുന്നത്. ഗ്രാമിന് 3225 രൂപയാണ് വില.

അമേരിക്കയിലെ സാമ്പത്തിക-നികുതി തർക്കങ്ങളും വില വർദ്ധനവിന് കാരണമാണ്. ഇന്ത്യയിൽ വില വർദ്ധനവിന് മറ്റൊരു കാരണം കഴിഞ്ഞ ബഡ്‌ജറ്റിൽ കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ചിരുന്നു. ഇതാണ് പവന് 26,000ത്തിലേക്ക് അടുക്കാൻ കാരണമായത്. സ്വർണമുൾപ്പെടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നു.

ബഡ്‌ജറ്റ് ദിനത്തിൽ തന്നെ വില വർദ്ധന പ്രകടമായിരുന്നു. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വർണത്തിനും 12.5 ശതമാനം നികുതി ചുമത്തണമെന്നാണ് ബഡ്‌ജറ്റിലെ നിർദേശം. വരും ദിവസങ്ങളിലും വില വർദ്ധിക്കാനാണ് സാദ്ധ്യത. രൂപയിലെ മൂല്യ വ്യതിയാനം, ഓഹരി വിപണികളിലെ അസ്ഥിരത എന്നിവയും സ്വർണവില ഉയരാൻ ഇടയാക്കുന്ന കാരണങ്ങളാണ്.

ഈ മാസത്തിന്റെ തുടക്കം മുതൽ പവന് 21,880 രൂപയായിരുന്നു സ്വർണ വില. എന്നാൽ, രണ്ട് തവണ മാത്രം ചെറിയ വിലക്കുറവുണ്ടായെങ്കിലും തൊട്ടടുത്ത ദിവസം വില പഴയ നിലയിലേയ്ക്ക് തന്നെ എത്തി. അതിന് ശേഷം ഇന്നാണ് വിലയിൽ നേരിയ മാറ്റം രേഖപ്പെട്ടത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. കൂടിയ നിരക്ക് 21,920 രൂപയും.