തൃശൂർ: എസ്.എഫ്.ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയനുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതിനെത്തുടർന്ന് ശ്രീ കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ ഡോ. എ.പി. ജയദേവൻ രാജിവച്ചു. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും ഫീസ് കൂടുതൽ വാങ്ങിയെന്നാണ് യൂണിയന്റെ ആരോപണം. എന്നാൽ കോളേജ് പി.ടി.എയും സർവകലാശാലയും നിശ്ചയിച്ച ഫീസ് നിരക്കാണ് ഈടാക്കിയതെന്നാണ് കോളേജ് ഓഫീസിന്റെ വിശദീകരണം.
കഴിഞ്ഞ വർഷം ഡിഗ്രി ആദ്യവർഷ പ്രവേശന നടപടികൾ ആരംഭിച്ചത് ജൂലായിലാണ്. ഫീസ് നിശ്ചയിക്കും മുൻപ് അന്നത്തെ രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും മുൻവർഷത്തെ ഫീസ് ഈടാക്കുകയായിരുന്നു. എന്നാൽ ജൂലായിൽ പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ സർവകലാശാലയും പി.ടി.എയും നിശ്ചയിച്ച കൂടിയ ഫീസാണ് ഈടാക്കിയത്. ഈ വർഷവും ഇതേ ഫീസ് ഘടനയാണ് തുടർന്നതും. എന്നാൽ കഴിഞ്ഞ രണ്ടാം വർഷക്കാരുടെ ഫീസ് നിരക്കല്ല ഈ വർഷം ഈടാക്കിയതെന്നാണ് യൂണിയന്റെ ആരോപണം.
യൂണിയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോളേജ് അധികൃതരും പറയുന്നു. ഇക്കാര്യം യൂണിയൻ നേതൃത്വത്തെ പലവട്ടം ബോദ്ധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കുന്നില്ലെന്നാണ് കോളേജ് അധികൃതരുടെ വാദം. കൂടാതെ ഒരു വിദ്യാർത്ഥിക്ക് കോളേജിൽ പ്രവേശനം അനുവദിക്കാതിരുന്നതും എസ്.എഫ്.ഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നത്രെ. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റൊരു കോളേജായ ശ്രീവിവേകാനന്ദ കോളേജിൽ നിന്നുള്ള വിദ്യാർത്ഥിയായിരുന്നു കേരളവർമ്മയിലെത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നത്.
സ്‌പോർട്‌സ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിലവിൽ എല്ലാ ബാച്ചുകളിലും വിദ്യാർത്ഥികൾ അധികമാണെന്നും ഇത്തരം സ്ഥലംമാറ്റം പ്രോത്സാഹിപ്പിക്കേണ്ടെന്നുമുള്ള നിലപാടാണ് കോളേജ് കൗൺസിൽ സ്വീകരിച്ചിട്ടുള്ളത്. വിവേകാനന്ദ കോളേജിൽ ഇംഗ്ലീഷ് ഐച്ഛിക ബിരുദം അഭ്യസിക്കുന്ന വിദ്യാർത്ഥിക്ക് ജേർണലിസമാണ് ഉപവിഷയം. എന്നാൽ കേരളവർമ്മയിൽ ഇംഗ്ലീഷ് ബിരുദത്തിന് ലോകചരിത്രവും ബ്രിട്ടീഷ് ചരിത്രവുമാണ് ഉപവിഷയങ്ങൾ. ഇക്കാരണങ്ങളാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി എസ്.എഫ്.ഐ സ്ഥാപിച്ച ബോർഡുകൾ വിവാദമായതിനെത്തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് നീക്കിയിരുന്നു. മൂന്ന് എസ്.എഫ്.ഐ വിദ്യാർത്ഥികളുടെ അറസ്റ്റും തുടർന്നുണ്ടായി. ബോർഡ് വിഷയത്തിൽ പ്രിൻസിപ്പൽ സ്വീകരിച്ച നിലപാടിലും എസ്.എഫ്.ഐക്ക് അമർഷമുണ്ടായിരുന്നു. തുടർച്ചയായി തങ്ങളെ അപമാനിക്കുന്ന പ്രിൻസിപ്പൽ മാപ്പു പറയണമെന്നായിരുന്നു അവരുടെ ആവശ്യം.
എന്നാൽ തന്റെ മുൻഗാമികളെപ്പോലെ ഡോ. ജയദേവൻ അതിന് തയ്യാറായില്ല. എസ്.എഫ്.ഐ നേതൃത്വവുമായി രമ്യതയിൽപ്പോകണമെന്ന ഉപദേശമാണ് പ്രിൻസിപ്പലിന് കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും ലഭിച്ചതും. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയിലും ഡോ. ജയദേവൻ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇതാണ് പെട്ടെന്നുള്ള രാജി തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ രാജി സ്വീകരിക്കുന്നത് ആലോചിച്ച് മതിയെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് അധികൃതർ.