ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ അവസാന നിമിഷം വരെ പോരാടിയ ഇന്ത്യൻ ടീം പരാജയപ്പെട്ടത് ഓരോ ക്രിക്കറ്റ് ആരാധകന്റെയും നെഞ്ചിൽ കെടുത്താൻ കഴിയാത്ത തീ കോരിയിട്ടുകൊണ്ടാണ്. ആദ്യ ഓവറുകളിൽ ടീമിന്റെ നെടുന്തൂണുകളായ രോഹിത് ശർമ, വിരാട് കൊഹ്‌ലി, കെ.എൽ.രാഹുൽ എന്നിവർ പുറത്തായതോടെ കടുത്ത പ്രതിസന്ധിയിലായെങ്കിലും അവസാന ഓവറുകളിൽ എം.എസ്.ധോണിയും രവീന്ദ്ര ജഡേജയും ഇന്ത്യയെ വിജയതീരമെത്തിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇരുവരും മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്‌തമിക്കുകയായിരുന്നു.
അതേസമയം, തോൽവിയുടെ വിഷമത്തിലും ട്രോളുകൾക്ക് യാതൊരു കുറവുമില്ല. കർണാടകയിൽ എം.എൽ.എമാർ രാജിവച്ച് എതിർ ചേരിയിൽ ചേർന്നത് പോലെ ആറ് ന്യൂസിലാൻഡ് കളിക്കാർ കൂറുമാറിയെന്നും ഇതിന് പിന്നിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ ഇടപെടലാണെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സന്ദേശം പറയുന്നത്. താരങ്ങളെ തിരിച്ചുകൊണ്ടുവരാൻ ന്യൂസിലാൻഡ് ടീം നേതൃത്വം അനുനയ ചർച്ചകൾ ആരംഭിച്ചതായും സന്ദേശത്തിൽ പറയുന്നു. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഈ സന്ദേശം വൈറലാവാൻ വലിയ സമയമൊന്നും വേണ്ടി വന്നില്ല. മിക്കവരും വാട്സ്ആപ്പിലും ഫേസ്ബുക്കിലും തങ്ങളുടെ സ്‌റ്റാറ്റസ് അപ്‌ഡേറ്റുകളിൽ ഈ സന്ദേശം ഉൾപ്പെടുത്തുന്നുണ്ട്. എന്നാൽ ആരാണ് ഈ സന്ദേശത്തിന് പിന്നിലെന്ന് വ്യക്തമല്ല.