red-84

അലറുവാനായി സൂസൻ വാ തുറന്നു. പക്ഷേ ശബ്ദം പുറത്തുവന്നില്ല...

കഴുത്തിൽ ചുറ്റിയ ആ 'സാധനം' പെട്ടെന്നു മുറുകി.

സൂസന്റെ തുറന്ന വാ അങ്ങനെ തന്നെയിരുന്നു.

അവൾ കൈയാൽ അടിച്ചു പിടഞ്ഞു.

രക്ഷയില്ല...

പുറത്ത് മഴയ്ക്കു ശക്തി കൂടി.

കോവിലകത്തിന്റെ ഓടിൽ വെള്ളം വീഴുന്നതിന്റെ ഒച്ച മാത്രം.

മുറിക്കുള്ളിലെ ഇരുട്ടിലും ഒരു കട്ടിയുള്ള നിഴൽ സൂസൻ കണ്ടു....

തന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്നത് ഒരു കയറാണ്.

അതിന്റെ ഒരഗ്രം ക്രാസിയിൽ കെട്ടിയിട്ട് അടുത്ത അഗ്രത്തിൽ വലിച്ചു പിടിച്ചിരിക്കുകയാണ് ആ കരിനിഴൽ...

മൃഗത്തിന്റേതു പോലെയുള്ള അതിന്റെ കിതപ്പിനു മാറ്റമില്ല.

ആ കയർ അല്പം കൂടി വലിഞ്ഞാൽ താൻ തൊണ്ട പൊട്ടി ചാകും.

കാെല്ലരുതേയെന്ന് സൂസൻ കൈകൾ ഉയർത്തിക്കാണിച്ചു.

ആ ക്ഷണം കരിനിഴൽ ഒരു കാൽ കട്ടിലിൽ ചവുട്ടി അല്പംകൂടി കയർ വലിച്ചു പിടിച്ചു.

വീണ്ടും പ്രക്ഷുബ്ധമായ ഒരു ശബ്ദം വന്നു....

''എന്നെ കൊല്ലാൻ കൂട്ടുനിന്നതിന് നിനക്ക് നല്ല പ്രതിഫലം കിട്ടിക്കാണുമെന്ന് അറിയാം. എന്റെ പക്ഷത്താണെന്ന് ഭാവിച്ച് സ്നേഹം അഭിനയിച്ച് നീ എന്നെ വശത്താക്കി. എന്നിട്ട്... എന്നിട്ട്..."

കരിനിഴലിന്റെ ശബ്ദം ഒന്നു മുറിഞ്ഞു. ഇത്തിരി കഴിഞ്ഞാണ് ബാക്കി കേട്ടത്:

''എന്റെ വിവേക് ... നീ കാരണം അവനെയും പോലീസ് കൊന്നു. ഇപ്പോൾ നിനക്ക് സിനിമയിൽ അഭിനയിക്കണം. അല്ലേ? അതേടീ.. ഇന്ന് ഈ നടക്കുന്നത് നിന്റെ ജീവിതത്തിലെ അവസാന അഭിനയമാ. മരണ സീൻ! വല്യ ആട്ടക്കാരിയല്ലേ നീ. ശരിക്ക് അഭിനയിച്ചോ... അങ്ങ് നരകത്തിൽ ചെന്നാലും നിനക്ക് വിഷമിക്കേണ്ടിവരില്ല. എന്നെ കൊന്നവരെ ഓരോരുത്തരെയായി ഞാൻ അങ്ങോട്ടയയ്ക്കുന്നുണ്ട്. നിനക്കറിയാമോ.. എന്റെ വിവേക് മരിച്ചിട്ട് ഇന്ന് ഒരു മാസം തികയുകയാ..."

പറഞ്ഞതും കരിനിഴൽ കയർ ആഞ്ഞുവലിച്ചു.

സൂസന്റെ പിടച്ചിലിനു ശക്തി കൂടി... മഴയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ പ്രജീഷോ ചന്ദ്രകലയോ ആ ശബ്ദം കേട്ടേനെ.

സൂസന്റെ കഴുത്തിലെ കശേരുക്കൾ ഉടഞ്ഞു ചത്തു.

അവളുടെ പിടച്ചിലിന്റെ ശക്തി ക്ഷയിച്ചു. അവസാനം നിശ്ചലയായി.

കരിനിഴൽ കയർ അയച്ചു. സൂസന്റെ ശിരസ്സ് ഒടിഞ്ഞതുപോലെ ഒരു വശത്തേക്കു ചരിഞ്ഞു...

*** *** ***

മഴ തകർത്തു പെയ്യുകയാണ്.

പ്രജീഷ്, തന്റെയരുകിൽ കിടക്കുന്ന ചന്ദ്രകലയെ ഒന്നു നോക്കി.

മിന്നലിന്റെ വെളിച്ചം ജന്നൽ ഗ്ളാസിലൂടെ അകത്തേക്കു പ്രതിഫലിച്ചു വന്നപ്പോൾ കണ്ടു.

തനിക്ക് അഭിമുഖമായി തിരിഞ്ഞ് തന്റെ നെഞ്ചിൽ വലതു കൈ ചുറ്റി കിടക്കുകയാണ് അവൾ.

മദ്യപിച്ചിട്ടുള്ളതിനാൽ അവൾ ഉണരാനുള്ള സാദ്ധ്യതയില്ല. എങ്കിലും ഒരു പരീക്ഷണം എന്നവണ്ണം അയാൾ വിളിച്ചു.

''കലേ..."

പ്രതികരണമില്ല.

അയാൾ സാവധാനം ചന്ദ്രകലയുടെ കൈ തന്റെ ശരീരത്തിൽ നിന്ന് എടുത്തുമാറ്റി.

ഒന്നു ഞരങ്ങിക്കൊണ്ട് അവൾ തിരിഞ്ഞുകിടന്നു.

പ്രജീഷ് എഴുന്നേറ്റു.

സൂസനും ഇപ്പോൾ ഉറങ്ങിക്കാണും എന്ന് അയാൾക്കു തോന്നി. എന്നാലും അവൾക്ക് അരുകിലേക്ക് പോകുകതന്നെ. ശബ്ദം കേൾപ്പിക്കാതെ വാതിൽ തുറന്ന് അയാൾ ഇറങ്ങി.

അരുവികൾ കണക്കെ നടുമുറ്റത്തേക്ക് വെള്ളം വീഴുകയാണ്.

പ്രജീഷ്, സൂസന്റെ മുറിവാതിൽക്കൽ എത്തി.

കൈവച്ചതേ വാതിൽപ്പാളി അകത്തേക്കു നീങ്ങി.

തന്നെ പ്രതീക്ഷിച്ച് അവൾ വാതിൽ ചാരിയിട്ടിരുന്നതാണ്. പ്രജീഷ് കരുതി.

അകത്തു കയറിയ അയാൾ വാതിൽ ചേർത്തടച്ച് കുറ്റിയിട്ടു. പിന്നെ ഒരു നിമിഷം മുറിയിലെ ലൈറ്റ് തെളിച്ചണച്ചു.

വാതിലിന്റെ എതിർ ദിശയിലേക്ക് തിരിഞ്ഞു കിടക്കുകയാണ് സൂസൻ.

അവളുടെ നൈറ്റി കാൽമുട്ടുകൾ വരെ നീങ്ങിയിരിക്കുന്നു. ചന്ദന നിറമാർന്ന അവളുടെ കൊഴുത്ത കാൽവണ്ണകളും അവയിൽ സ്വർണ്ണ സർപ്പങ്ങളെപ്പോലെ ഒട്ടിക്കിടക്കുന്ന കൊലുസുകളും!

പ്രജീഷിന്റെ രക്തത്തിനു ചൂടു പിടിച്ചു. കിടക്കയിൽ അവൾക്കൊപ്പം അവൻ കിടന്നു. ഒരു കൈ കൊണ്ട് അവളെ ചുറ്റിയിട്ട് അയാൾ ആ കഴുത്തിൽ ചുണ്ടമർത്തി.

''ഞാൻ വരാൻ വൈകിയോ?"

മറുപടി കിട്ടാതെ വന്നപ്പോൾ മദ്യലഹരി കാരണമാകും എന്ന് അയാൾ കരുതി.

പക്ഷേ കുലുക്കി വിളിച്ചിട്ടും സൂസൻ എഴുന്നേൽക്കുകയോ മൂളുകയോ പോലും ചെയ്തില്ല.

''ഇങ്ങനെ ബോധമില്ലാതെ ഉറങ്ങിയാലെങ്ങനാ?"

പിറുപിറുത്തുകൊണ്ട് പ്രജീഷ് എഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ടു. ശേഷം കട്ടിലിനെ ഒന്നു വലം വച്ച് മറുഭാഗത്തേക്കു ചെന്നു.

''സൂ..."

വിളിക്കാൻ ഭാവിച്ച അയാളുടെ ശബ്ദം പെട്ടന്നു മുറിഞ്ഞു.

സൂസന്റെ തുറിച്ച കണ്ണുകൾ അയാളെ വിറപ്പിച്ചു...

(തുടരും)