ഒരു തീക്കുണ്ഡത്തിൽ ചെന്നു മുട്ടിയതു പോലെ പ്രജീഷ് പെട്ടെന്നു പിറകോട്ടു മാറി.
ആ മുഖത്തേക്ക് ഒന്നുകൂടി നോക്കാനുള്ള കരുത്ത് അയാൾക്കില്ലായിരുന്നു.
അത്ര ഭീതിദമായിരുന്നു സൂസന്റെ നിശ്ചല നയനങ്ങളുടെ തുറിച്ചു നിൽപ്പ്!
സൂസൻ മരിച്ചോ?
അടിമുടി വിറച്ചുകൊണ്ട് അയാൾ അല്പം മുന്നോട്ടു നീങ്ങി.
സൂസന്റെ മൂക്കിനു നേരെ വിറപൂണ്ട വിരലുകൾ നീണ്ടു.
ഒരു ഞെട്ടൽ കൂടി...
സൂസന് ശ്വാസമില്ല!
''കലേ..."
അലറിക്കൊണ്ട് അയാൾ വാതിലിനു നേർക്ക് ഓടി. കൊളുത്തു നീക്കി അത് തുറക്കാൻ ശ്രമിച്ചു.
കഴിയുന്നില്ല!
പ്രജീഷിൽ അടുത്ത നടുക്കം.
വാതിൽ പുറത്തുനിന്നാരോ ലോക്കു ചെയ്തിരിക്കുന്നു!
അയാൾ വാതിലിൽ പിടിച്ച് ശക്തിയായി കുലുക്കാൻ നോക്കി. അനക്കമില്ല.
നിലമ്പൂർ കാട്ടിൽ നിന്ന് നൂറുവർഷത്തോളം മുൻപ് വെട്ടിക്കൊണ്ടുവന്ന തേക്കിൻ തടിയിൽ തീർത്ത വാതിൽപ്പാളി എങ്ങനെ അനങ്ങാൻ?
കനത്ത തണുപ്പിലും പ്രജീഷ് കുടുകുടെ വിയർത്തു. ഇവിടെ നിന്ന് ഇറങ്ങാനായില്ലെങ്കിൽ സൂസനെ കൊന്നത് താനാണെന്ന് എല്ലാവരും കരുതും.
ആ ചിന്ത പ്രജീഷിനെ കൂടുതൽ ഭയപ്പെടുത്തി.
ഇത്രയും കാലം താൻ സ്വപ്നം കണ്ടിരുന്ന എല്ലാ സൗഭാഗ്യങ്ങളും ഈ ഒരൊറ്റ രാത്രികൊണ്ട് നഷ്ടമാകും.
താൻ പറയുന്നത് വിശ്വസിക്കുവാൻ ആരും ഉണ്ടാവില്ല.
''കലേ..."
മുറിയ്ക്കുള്ളിൽ നിന്ന് അയാൾ തന്റെ മുഴവൻ ശബ്ദവും ഉയർത്തി വിളിച്ചു.
ആ ശബ്ദം മുറിക്കുള്ളിൽത്തന്നെ നിന്ന് പ്രതിധ്വനിച്ചു. മച്ചും, മഴയുടെ ഇരമ്പലും തന്നെ പ്രധാന കാരണം.
ചന്ദ്രകലയെ വിളിക്കാമെന്നു വച്ചാൽ താൻ ഫോണും എടുത്തിട്ടില്ല....
പെട്ടെന്ന് അയാൾ തിരിഞ്ഞ് ചുറ്റും നോക്കി.
കിടക്കയോടു ചേർന്നുള്ള ഭാഗത്തിട്ടിരുന്ന ടീപ്പോയിൽ സൂസന്റെ ഫോൺ കണ്ടു.
അതെടുത്ത് പ്രജീഷ് ചന്ദ്രകലയുടെ നമ്പരിലേക്കു കാൾ അയച്ചു.
ബല്ലടിച്ചു നിന്നതല്ലാതെ എടുത്തില്ല. പ്രജീഷിന് ദേഷ്യം വന്നു.
വീണ്ടും വീണ്ടും ശ്രമിച്ചു.
അവസാനം...
നാലാമത്തെ തവണ ചന്ദ്രകല കാൾ അറ്റന്റു ചെയ്തു.
''ഹലോ..." കുഴഞ്ഞ ശബ്ദം.
''കലേ... ഞാനാ. നീ വേഗം സൂസന്റെ മുറിയിലേക്ക് വാ..."
''ങ്‌ഹേ? നിങ്ങളെന്തിനാ ഈ നേരത്ത്. അങ്ങോട്ട് പോയത്?"
ചന്ദ്രകലയ്ക്ക് പരിസരബോധമുണ്ടായി.
''ഒക്കെ പറയാം. നീ വേഗം വാ."
മറുപടിക്കു കാക്കാതെ അയാൾ കാൾ മുറിച്ചു.
താൻ എന്തിനിവിടെ വന്നെന്ന് കലയോടു പറയും? പ്രജീഷ് വെട്ടിലായി. അവൾ ഇങ്ങെത്തും മുൻപ് ഒരു കഥ മെനഞ്ഞേ പറ്റൂ."
ഒരു മിനിട്ടു കഴിയും മുൻപ് വാതിൽ തുറക്കപ്പെട്ടു.
അകത്തേക്കു കടന്നുവന്ന ചന്ദ്രകല പ്രജീഷിനെയും സൂസനെയും മാറിമാറി നോക്കി.
അവളുടെ കണ്ണുകളിൽ സംശയത്തിന്റെ കാളിമ തിങ്ങി.
''സൂസൻ... എന്തിനാ പ്രജീഷ് ഇവിടെ വന്നത്?"
മറുപടി കിട്ടാഞ്ഞപ്പോൾ ചന്ദ്രകലയുടെ ശബ്ദത്തിനു മൂർച്ച കൂടി.
''ഇങ്ങനെ മിണ്ടാതെ കിടന്നിട്ട് കാര്യമില്ല. എനിക്കറിഞ്ഞേ പറ്റൂ."
''സൂസൻ ഇനി മിണ്ടില്ല. ഒരിക്കലും." പ്രജീഷ് അറച്ചറച്ച് പറഞ്ഞു.
തലയ്ക്കുള്ളിൽ ഒരിടിമിന്നൽ പുളഞ്ഞിറങ്ങിയതു പോലെ തോന്നി ചന്ദ്രകലയ്ക്ക്...
''പ്രജീഷ്... എന്താ പറഞ്ഞത്?"
''സൂസൻ മരിച്ചു!"
''ഈശ്വരാ..." കലി ബാധിച്ചതുപോലെ ചന്ദ്രകല സൂസന്റെ കട്ടിലിനടുത്തേക്കു പാഞ്ഞു.
അവളുടെ മുഖം കണ്ട് നടുങ്ങി നിന്നു. പിന്നെ ഒരാവേശത്തോടെ പ്രജീഷിന്റെ സമീപം കുതിച്ചെത്തി.
അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു കുലുക്കി.
''എന്തിനാ... എന്തിനാ നിങ്ങൾ ഇവളെ കൊന്നത്? നിങ്ങൾക്കു വഴങ്ങാഞ്ഞിട്ടോ?"
''കലേ പ്ളീസ്...... ഞാനൊന്നു പറയട്ടെ."
''പറ..." അവളുടെ ശ്വാസഗതിക്ക് വേഗതയേറി.
''ഞാനല്ല ഇത് ചെയ്തത്..."
''പിന്നെ?"
അയാളുടെ ഷർട്ടിൽ അവളുടെ കൈകൾ ഒന്നുകൂടി മുറുകി.
പ്രജീഷ് ഒരു കഥ രൂപപ്പെടുത്തിയിരുന്നു.
അയാൾ അത് പറഞ്ഞു:
''ആരോ ഉൾവരാന്തയിലൂടെ നടക്കുന്നതു പോലെ തോന്നിയ ഞാൻ നിന്റെ അരുകിൽ നിന്ന് എഴുന്നേറ്റ് വാതിൽ തുറന്നു. സംഗതി സത്യമായിരുന്നു. ഒരാൾ സൂസന്റെ മുറിയിലേക്ക് കയറുന്നതു കണ്ടു.. കുറച്ചു നേരം കാത്തുനിന്നിട്ട് നോക്കാൻ വന്നതാ ഞാൻ. സൂസന്റെ ഇഷ്ടക്കാര് ആരെങ്കിലും ആണെങ്കിൽ ഉപദ്രവിക്കണ്ടെന്നു കരുതി."
ചന്ദ്രകല വിശ്വസിക്കുന്നോ ഇല്ലയോ എന്നറിയാൻ അയാൾ ആ മുഖത്തേക്കൊന്നു പാളിനോക്കി.
മനസ്സിലാക്കാൻ കഴിയുന്നില്ല.
പ്രജീഷ് തുടർന്നു:
''ഞാൻ മുറിയിൽ കയറിയതും ആരോ പുറത്തുനിന്നടച്ച് ലോക്കിട്ടു. അതാ ഉണ്ടായത്. "
ചന്ദ്രകല മിണ്ടിയില്ല....
(തുടരും)