mla

ന്യൂഡൽഹി: വിമത എം.എൽ.എമാരുടെ രാജി കത്തുകളിൽ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന് കർണാടക സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചു. എം.എൽ.എമാരെ കണ്ട് ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി അഭ്യർത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിനെയാണ് സ്പീക്കർ സമീപിച്ചത്. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കറോട് ഹർജി നൽകാൻ കോടതി ആവശ്യപ്പെട്ടു. നാളെ പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

രാജിവച്ച 10 വിമത എം.എൽ.എമാരോടും ഇന്ന് ആറ് മണിക്ക് മുമ്പ് കർണാടക നിയമസഭാ സ്പീക്കർ രമേശ് കുമാറിന് മുന്നിൽ ഹാജരാകാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. സ്പീക്കറെ കാണാനെത്തുന്ന ഇവർക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും കോടതി നിർദ്ദേശം നൽകി. രാജിവച്ചെങ്കിലും തങ്ങളെ നേരിട്ട് കാണാൻ സ്പീക്കർ കൂട്ടാക്കുന്നില്ലെന്ന് കാട്ടി 10 വിമത എം.എൽ.എമാർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

അതേസമയം, കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിന് ഭൂരിപക്ഷമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവയ്ക്കേണ്ട അടിയന്തര സാഹചര്യമില്ല. 2008ൽ സമാന സാഹചര്യം ഉണ്ടായപ്പോൾ യെദ്യൂരപ്പ രാജിവെച്ചിട്ടില്ലെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കം കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.