തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം വിദേശ ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിൽ പുതിയ പദ്ധതിയൊരുക്കി സംസ്ഥാന സർക്കാർ. 'എക്സ്പീരിയൻസ് എത്തിനിക് കുസീൻ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 2000 വീടുകളാണ് ഭാഗമാകുക. കേരളത്തിലെ വീട്ടമ്മമാർക്ക് പുതിയ രീതിയിലുള്ള വരുമാനം ഉറപ്പാക്കുകയും കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവർത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയാണ് പ്രവർത്തനം ആസൂത്രണം ചെയ്യുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കേരളത്തിന് ഒരു തനതു ഭക്ഷ്യ സംസ്‌കാരവും പാചകഭക്ഷണരീതികളും ഉണ്ട്. എന്നാൽ ഈ ശൈലി വ്യാപകമായി തുടച്ചു മാറ്റിക്കൊണ്ട് ഒരു ഫാസ്റ്റ് ഫുഡ് സംസ്‌കാരം കേരളത്തിലുടനീളം പടർന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നിരവധി ചെറുകിട ഹോട്ടലുകളിൽ പോലും ഇന്നു കേരളീയമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങളാണ് തയ്യാറാക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതും.
ഒരു നാട്ടിലെത്തുന്ന വിനോദ സഞ്ചാരികൾ ആ നാടിന്റെ ഭക്ഷണ ക്രമങ്ങളെക്കുറിച്ചറിയാൻ തത്പരർ ആയിരിക്കും. ഭക്ഷണ പദാർത്ഥങ്ങൾ രുചിച്ചറിയുന്നതിനും അവയുടെ പാചകരീതി പഠിക്കുന്നതിനുമായി യാത്ര ചെയ്യുന്ന നിരവധി സഞ്ചാരികളുണ്ട്. എന്നാൽ നിർഭാഗ്യവശാൽ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ഭക്ഷണ ശൈലിയും പ്രോത്സാഹിപ്പിക്കുവാൻ പര്യാപ്തമായ ശക്തമായ ഒരു സംവിധാനം കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ കുറവാണെന്നു പറയാം. ഒരു നാടിനെ വിനോദ സഞ്ചാര രംഗത്ത് ഉറപ്പിച്ചു നിർത്തുന്ന ബ്രാൻഡിംഗ് ഘടകങ്ങളിൽ തനതു ഭക്ഷണം ഒരു പ്രധാന ഘടകമാണ്.
വീട്ടിൽ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയിൽ കേരളീയ ഭക്ഷണം തയ്യാറാക്കി നല്കുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഡിജിറ്റൽ മീഡിയയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വിദേശ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തും. ഈ പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതൽ 50,000 വരെ ആളുകൾക്കു 3 വർഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുവാൻ കഴിയും. ഇതിലൂടെ സംരംഭകരായി മാറുന്നതിൽ ഭൂരിഭാഗവും സ്ത്രീകൾ ആയിരിക്കും എന്നൊരു പ്രത്യേകതയുമുണ്ട്. 'എക്സ്പീരിയൻസ് എത്തിനിക് കുസീൻ' പദ്ധതി ഫലപ്രദമായി ചുരുങ്ങിയ കാലയളവിനുള്ളിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.