health

കഷണ്ടിക്കും അസൂയക്കും മരുന്നില്ല, എന്ന ചൊല്ല് പഴങ്കഥ ആകുകയാണ്. ആണുങ്ങളിലാണ് കഷണ്ടി കൂടുതലായി കാണുന്നത്. 40 വയസ് കഴിയുമ്പോൾ 40 ശതമാനത്തിലേറെ ആണുങ്ങളിൽ കഷണ്ടിയുടെ ആദ്യലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.

കാരണങ്ങൾ
കഷണ്ടിക്കും,അമിതമായ മുടികൊഴിച്ചിലിനും ഒട്ടേറെ കാരണങ്ങൾ ഉണ്ടെങ്കിലും, അതിൽ ഏറ്റവും പ്രാധാന്യം പാരമ്പര്യത്തിനാണ്. കൂടാതെ മാനസികസമ്മർദ്ദം, തൈറോയ്‌ഡ് തുടങ്ങിയ ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനം, താരൻ, സോറിയാസിസ്, പോഷണക്കുറവ്, വിളർച്ച തുടങ്ങിയവയും മുടി കൊഴിച്ചിലിനു കാരണമാകുന്നു.മുടി കൊഴിച്ചിലിനെയും കഷണ്ടിയെയും പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു.


ആണുങ്ങളുടെ ഹോർമോൺ ആയ ടെസ്റ്റോസ്‌ട്രോണിന്റെ സ്വാധീനം മൂലമുണ്ടാകുന്ന മുടികൊഴിച്ചിലിനെ pattern hair loss അല്ലെങ്കിൽ Androgenic Alopecia എന്നും അല്ലാത്തവയെ Non pattern hair loss അല്ലെങ്കിൽ Non Androgenic Alopecia എന്നും തരം തിരിച്ചിരിക്കുന്നു.ടെസ്റ്റോസ്‌ട്രോണിന്റെയും അതിന്റെ ഉപോത്‌പന്നമായ 5 - Alpha Dihydro testosterone (DHT) ന്റെയും പങ്ക് മൂലമുണ്ടാകുന്ന Pattern മുടി കൊഴിച്ചിൽ. ആണുങ്ങളിലുണ്ടാകുന്ന കഷണ്ടിയെ Male Pattern Bladness എന്നും പെണ്ണുങ്ങളിൽ ഉണ്ടാകുന്ന കഷണ്ടിയെ Female Pattern Bladness എന്നും തരം തിരിച്ചിരിക്കുന്നു. മേല്പറഞ്ഞ ഹോർമോണിന്റെ പങ്ക്‌ മൂലം അല്ലാതെ മറ്റു ഹോർമോണുകൾ, വിളർച്ച, മാനസിക സമ്മർദ്ദം, പോഷണക്കുറവ് എന്നിവ മൂലമുണ്ടാകുന്ന കഷണ്ടിയെ Non Pattern അല്ലെങ്കിൽ Non Androgenic Bladness എന്ന് പറയുന്നു.

ചികിത്സാ മാർഗങ്ങൾ
കഷണ്ടി മൂലം ഉണ്ടായേക്കാവുന്ന മാനസികവ്യഥയ്ക്ക് പരിഹാരമെന്നോണം പലതരത്തിലുള്ള ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും കടുത്ത മുടികൊഴിച്ചിലിനും കഷണ്ടിക്കും ഇടയാക്കുന്ന കാരണങ്ങൾ കണ്ടെത്തി, അതിനനുസരിച്ച് വേണം ചികിത്സ നിശ്ചയിക്കാൻ. സാധാരണയായി ഒരു ദിവസത്തിൽ ഏതാണ്ട് നൂറ് മുടി വരെ പൊഴിഞ്ഞുപോകാറുണ്ട്. ദിവസവും ഏതാണ്ട് ഇതിനു തുല്യമായ തോതിൽ പുതിയ രോമങ്ങൾ വളർന്നു വരാറുമുണ്ട്. ഇതിൽ കൂടുതലായി മുടി പൊഴിയുകയാണെങ്കിൽ ഒരു ത്വക് രോഗ വിദഗ്ദ്ധനെ സമീപിച്ച് ചികിത്സ തേടേണ്ടത് ആവശ്യമാണ്. അമിതമായ മുടിപൊഴിച്ചിലിൽ തുടങ്ങി തലയോട്ടി കൂടുതലായി പുറത്തു കാണപ്പെടുകയും രോമകൂപങ്ങൾ ചുരുങ്ങി, നേർത്ത് നേർത്ത് അവസാനം പൂർണമായ കഷണ്ടിയിൽ എത്തുകയുമാണ് ചെയ്യുന്നത്. മുടിയുടെ കരുത്ത് കുറഞ്ഞുവരുന്ന ഘട്ടത്തിൽ തന്നെ ചികിത്സ തേടിയാൽ പലപ്പോഴും പുറമേ പുരട്ടുന്ന ലേപനങ്ങൾ കൊണ്ടോ, ഉള്ളിൽ കഴിക്കുന്ന ചിലതരം മരുന്നുകൾ കൊണ്ടോ ഫലപ്രദമായ ഗുണം കിട്ടാറുണ്ട്. കഷണ്ടിയുടെ ആരംഭഘട്ടത്തിൽ നേരത്തെ പറഞ്ഞ മരുന്നുകൾക്കു പുറമെ, നമ്മുടെ തന്നെ സ്വന്തം രക്തത്തിൽ നിന്ന് പ്ളേറ്റ്ലെറ്റ് എന്ന കോശം കൂടുതൽ അടങ്ങിയ പ്ളാസ്മ വേർതിരിച്ച് മുടി കൊഴിയുന്ന ഭാഗത്ത് inject ചെയ്യുന്ന ചികിത്സാ രീതിയും അതുപോലെ രോമത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ ചിലതരം മരുന്നുകൾ തലയിൽ inject ചെയ്യുന്ന ചികിത്സാരീതിയായ Meso Therapyയും വളരെ ഫലപ്രദമായി കണ്ടുവരുന്നു. എന്നാൽ പൂർണമായും കഷണ്ടിയായി കഴിഞ്ഞാൽ മരുന്ന് കൊണ്ട് ഫലം കിട്ടില്ല. കാരണം അപ്പോഴേക്കും രോമകൂപങ്ങൾ ചുരുങ്ങിപ്പോയിരിക്കും. എങ്കിലും കഷണ്ടി മാറ്റാൻ മറ്റു മാർഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. സ്വന്തം മുടി ഒരു ഭാഗത്തുനിന്നും പറിച്ചെടുത്ത്, കഷണ്ടിയുള്ള മറ്റൊരു ഭാഗത്ത് പറിച്ച് നടുന്ന ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ അഥവാ ഹെയർ ഗ്രാഫ്‌റ്റിംഗ് എന്ന ശസ്ത്രക്രിയ ഇന്ന്, അത്തരക്കാരിൽ വളരെ ഫലപ്രദമായി ചെയ്തുവരുന്നു.

health

കഷണ്ടി മാറ്റുന്നതിനുള്ള മാർഗങ്ങൾ

കഷണ്ടിയുടെ പുരോഗമിച്ച ഘട്ടങ്ങളുടെ ചികിത്സയെ പ്രധാനമായും താത്‌കാലിക ചികിത്സാമാർഗങ്ങൾ എന്നും സ്ഥിരമായ ചികിത്സാമാർഗങ്ങളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. കഷണ്ടി മാറ്റുന്നതിന് പല ആകൃതിയിലും രൂപത്തിലുമുള്ള വിഗ്ഗുകൾ, പാച്ചുകൾ, Weaving, Bonding തുടങ്ങിയ ചികിത്സാ രീതികളാണ് താത്‌കാലികമായി നിലവിലുള്ളത്. എന്നാൽ ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ എന്ന ചികിത്സ ഒരു സ്ഥിരമായ പരിഹാരമാണ്. സിന്തറ്റിക്കായി ഉണ്ടാക്കുന്ന Bio - Fibre എന്ന ആർട്ടിഫിഷൽ ഹെയർ, പലപ്പോഴും കഷണ്ടി മാറ്റുന്നതിനുവേണ്ടി ഉപയോഗിക്കുന്നു. ട്രാൻസ്‌പ്ളാന്റ് ചെയ്യാനുള്ള മുടി ആവശ്യത്തിന് ഇല്ലാത്തവരിൽ ഈ രീതി ഗുണകരമാണെങ്കിലും, ഇത് പലപ്പോഴും പലവിധത്തിലുള്ള ദുഷ്യഫലങ്ങൾക്ക് കാരണമാകാറുണ്ട്.

ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ
ഒരു ചെടി ഒരിടത്തുനിന്നു വേരോടെ പറിച്ചെടുത്ത് മറ്റൊരിടത്ത് നട്ടുപിടിപ്പിക്കുന്ന അതേ രീതി തന്നെ മുടിയിലും, സാധാരണയായി തലയുടെ പിൻഭാഗത്ത് നിന്നും പറിച്ചെടുത്ത് കഷണ്ടി ബാധിച്ച ഭാഗത്ത് നട്ടു പിടിപ്പിക്കുന്ന ചികിത്സാ രീതിയാണ് ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ.ഒരുകാലത്ത് തലയുടെ പിൻഭാഗത്തുള്ള, പുരുഷ ഹോർമോണിന്റെ സ്വാധീനം ഇല്ലാത്ത മുടികളായിരുന്നു ട്രാൻസ്‌പ്ളാന്റേഷന് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്ന് ശരീരത്തിലെ താടി, നെഞ്ച്, തോൾ, കക്ഷം തുടങ്ങിയ ഭാഗങ്ങളിൽ നിന്നു പോലും രോമം എടുത്ത്, കഷണ്ടിയുള്ള ഭാഗത്ത് വച്ചുപിടിപ്പിക്കാറുണ്ട്. ഇതിനെ ബോഡി - ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ എന്ന് പറയുന്നു. ഫോള്ളികുലർ യൂണിറ്റ് ട്രാൻസ്‌പ്ലാന്റേഷൻ ( എഫ്.യു.ടി) , ഫോള്ളികുലർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE) എന്നിങ്ങനെ ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ രണ്ടായി തരം തിരിച്ചിരിക്കുന്നു.

ഫോള്ളികുലർ യൂണിറ്റ് എക്സ്ട്രാക്ഷൻ(FUE)
തലയുടെ പിന്നിൽ നിന്നോ മറ്റു ഭാഗങ്ങളിൽ നിന്നോ , Punch എന്ന ഉപകരണത്തിന്റെ സഹായത്തോടെ 1 എം.എം മുതൽ 3 എം.എം വരെ വലിപ്പത്തിൽ, ഓരോരോ മുടികൾ, അതിന്റെ വേര്, അതിനോട് ചേർന്നുള്ള പേശി തുടങ്ങിയ ചേർത്ത് പറിച്ചെടുത്ത്, കഷണ്ടിയുള്ള ഭാഗത്ത് നട്ട് പിടിപ്പിക്കുന്ന രീതിയാണ് ഫോള്ളികുലർ യൂണിറ്റ് എക്സ്ട്രാക്ഷൻ .തലമുടി പറ്റെ വെട്ടിയശേഷം മുടി എടുക്കുന്ന ഭാഗത്ത് ലോക്കൽ അനസ്തേഷ്യ നൽകുന്നു. അതിനുശേഷം മുടി എടുക്കുന്ന ഭാഗത്തുനിന്നും മുടി നഷ്ടപ്പെട്ടതായി തോന്നാതിരിക്കാൻ വേണ്ടി, ഒന്നോരണ്ടോ മുടികൾ ഇടവിട്ടാണ് ഫോളികുലർ യൂണിറ്റുകൾ പറിച്ചെടുക്കുക, ഇങ്ങനെ പറിച്ചെടുത്ത മുടികൾ കഷണ്ടിയുള്ള ഭാഗം മരവിപ്പിച്ച ശേഷം, അവിടെ വച്ച് പിടിപ്പിക്കുന്നു.

health

ഫോള്ളിക്കുലാർ യൂണിറ്റ് ട്രാൻസ്‌പ്ളാന്റേഷൻ (FUT)

കഷണ്ടിയുടെ തീവ്രത കൂടുതലായി ഉള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ രീതിയാണ് ഫോള്ളിക്കുലാർ യൂണിറ്റ് ട്രാൻസ്‌പ്ളാന്റേഷൻ. ലോക്കൽ അനസ്തേഷ്യയുടെ സഹായത്തോടെ തലയുടെ പിൻഭാഗത്തെ പെർമനന്റ് സോണിൽ നിന്നും മുടി സ്ട്രിപ്പ് രൂപത്തിൽ കട്ട് ചെയ്തെടുക്കുന്നു. നട്ട് പിടിപ്പിക്കാൻ ആവശ്യമായ മുടിയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രിപ്പിന്റെ നീളം നിശ്ചയിക്കുക. ഒന്ന് മുതൽ രണ്ട് സെ.മീ. വീതിയിൽ ഏതാണ്ട് 15 സെ.മീ. മുതൽ 25 സെ.മീ. വരെ നീളത്തിലാണ് സാധാരണ സ്ട്രിപ്പ് എടുക്കാറുള്ളത്. അതിനുശേഷം നൂലുകൊണ്ട് തുന്നിച്ചേർക്കുന്നു. ഇങ്ങനെ മുറിച്ചെടുത്ത സ്ട്രിപ്പിനെ മൈക്രോസ്കോപ്പിന്റെ സഹായത്തോടെ ആദ്യം നീണ്ട നിരകളാക്കി മുറിക്കുന്നു. ഇങ്ങനെ മുറിച്ചെടുത്ത നിരകളെ ഓരോരോ രോമകൂപങ്ങൾ ആക്കി മാറ്റുന്നു. ഓരോ ഫോള്ളിക്കുലാർ യൂണിറ്റിലും ശരാശരി 2 മുതൽ 4 വരെ രോമങ്ങൾ ഉണ്ടാകും. ഇങ്ങനെ വേർതിരിച്ചെടുത്ത രോമകൂപങ്ങൾ Recipient Areaയിൽ ലോക്കൽ അനസ്തേഷ്യയുടെ സഹായത്തോടെ ഫോള്ളിക്കുലാർ ട്രാൻസ്‌പ്ളാന്റർ ഉപയോഗിച്ച് നട്ട് പിടിപ്പിക്കുന്നു. സാധാരണയായി ഓപ്പറേഷൻ കഴിഞ്ഞതിന്റെ അടുത്ത ദിവസം തല ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇങ്ങനെ വച്ചുപിടിപ്പിച്ച മുടി ചിലപ്പോൾ ആദ്യഘട്ടത്തിൽ പൊഴിഞ്ഞുപോകാറുണ്ട്. എന്നാൽ വച്ചുപിടിപ്പിച്ചതിന്റെ 95 % മുടിയും ഏതാണ്ട് 6 - 9 മാസത്തിനിടയിൽ പൂർണവളർച്ചയിൽ എത്താറുണ്ട്.

മെച്ചങ്ങൾ
. FUT ചെയ്യുമ്പോൾ മുടി പറ്റെ വെട്ടേണ്ട ആവശ്യമില്ല.
. കൂടുതൽ കഷണ്ടിയുള്ളവർക്ക് ഏറ്റവും അനുയോജ്യമായ മാർഗം ഇത്.
. ഈ ശസ്ത്രക്രിയയിൽ ഏതാണ്ട് 2 % മുടി മാത്രമേ മുറിഞ്ഞുപോകാൻ സാദ്ധ്യതയുള്ളൂ.

ദൂഷ്യവശങ്ങൾ
. മുടിയെടുത്ത ഭാഗത്ത് തൊലി തുന്നിച്ചേർക്കുന്നതിനാൽ 45 ദിവസത്തേക്ക് തലയുടെ പിൻഭാഗത്ത് വേദന തുടങ്ങിയ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.
. മുടി വളർന്നു കഴിഞ്ഞാൽ പാടുകൾ കാണാനില്ലെങ്കിലും മുടി മുഴുവനായി ഷേവ് ചെയ്യുമ്പോൾ നേരിയ പാടുകൾ കാണാൻ സാദ്ധ്യതയുണ്ട്.

സാധാരണയായി ഒരാളുടെ തലയിൽ മൊത്തമായി ഒരുലക്ഷം ഹെയർ ഫോള്ളിക്കുകൾ വരെ ഉണ്ടാകാറുള്ളതിൽ, തലയുടെ മുൻഭാഗത്ത് 50,000 മുതൽ 75,000 വരെയും പിൻഭാഗത്ത് ഏകദേശം 25,000 വരെയും, ഹെയർ ഫോള്ളിക്കുകൾ ഉണ്ടാകാറുണ്ട്. ഹെയർ ട്രാൻസ‌്‌പ്ളാന്റേഷൻ ചെയ്യുമ്പോൾ സാധാരണയായി 1000 മുതൽ 5000 വരെ ഹെയർ ഫോള്ളിക്കുകൾ വരെ വച്ചുപിടിപ്പിക്കാറുണ്ട്. ഫോള്ളിക്കുലാർ യൂണിറ്റ് ഒന്നിന് ശരാശരി 30 രൂപ മുതൽ 50 രൂപവരെ ചെലവ് വരാറുണ്ട്. ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ വഴി സ്വാഭാവികമായ ഞെരുക്കം മുടിക്ക് കിട്ടിയില്ലെങ്കിലും അത് തോന്നിപ്പിക്കാൻ ശസ്ത്രക്രിയ ചെയ്യുന്ന സർജന് സാധിക്കാറുണ്ട്. എന്നാൽ സ്വാഭാവിക ഞെരുക്കം വിഗ് പോലുള്ള മാർഗങ്ങളിൽ ലഭ്യമാണെങ്കിലും അത് താത്‌കാലികവും അതിന് അതിന്റേതായ പരിമിതികളും ഉണ്ട്. ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ ചെയ്യുന്ന മുടി സാധാരണ പോലെ വളരുകയും എല്ലാ മാസവും വേണ്ടിവന്നാൽ മുടി വെട്ടുന്നതിനും സാധിക്കാറുണ്ട്.