car-sales

മുബയ്: തുടർച്ചയായ എട്ടാം മാസവും കാർ വിൽപ്പനയിലുണ്ടായ വൻ ഇടിവ് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണെന്ന് റിപ്പോർട്ടുകൾ. ജൂണിൽ മാസം രാജ്യത്തെ കാർ വിപണനത്തിൽ 25 ശതമാനം ഇടിവാണുണ്ടായത്. ഇത് രാജ്യത്തെ ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രാവാഹനങ്ങളുടെ വിൽപ്പനയിൽ 17.5 ശതമാനവും ഡൊമസ്‌റ്റിക് കാറുകളുടെ വിൽപ്പനയിൽ 25 ശതമാനത്തിന്റെയും കുറവുണ്ടായതായി രേഖകൾ പറയുന്നു. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ 9.6 ശതമാനത്തിന്റെ ഇടിവുണ്ടായെന്നും ഇന്ത്യൻ ആട്ടോ മൊബൈൽ മാനുഫാക്‌ചേഴ്സ് സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക വ്യവസ്ഥയായ ഇന്ത്യയിൽ, ജനങ്ങൾ പണം ചെലവഴിക്കാത്തതിനെ തുടർന്നാണ് ഇത്തരമൊരു സ്ഥിതി വരുന്നതെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. വാഹന വിപണിയെ കരകയറ്റാൻ കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് കരുതിയെങ്കിലും ഇലക്ട്രോണിക് വാഹനങ്ങൾക്ക് മാത്രമായി ചുരുങ്ങിയതും തിരിച്ചടിയായി. അതേസമയം, വിപണിയിലെ മാന്ദ്യം ഉത്പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പല കമ്പനികളും തങ്ങളുടെ ഉത്പാദനം ഗണ്യാമായി വെട്ടിക്കുറച്ചിട്ടുണ്ട്. ജൂണിൽ 13 ദിവസം മഹീന്ദ്ര തങ്ങളുടെ ഫാക്‌ടറികൾ അടച്ചിട്ടിരുന്നു. ഇത് രാജ്യത്ത് തൊഴിലില്ലായ്‌മയ്‌ക്ക് വഴി വയ്‌ക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഷോറൂമുകളിലും മറ്റും സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരും തങ്ങളുടെ ജോലി നഷ്‌ടപ്പെടുമോ എന്ന ഭീഷണിയിലാണ്.