sakshi-
sakshi

ന്യൂഡൽഹി: 'എന്റെയും ഭർത്താവിന്റെയും ജീവൻ അപകടത്തിലാണ്. അച്ഛന്റെ ഗുണ്ടകൾ
ഞങ്ങൾക്ക് പിറകെയുണ്ട്. എനിക്കോ ഭർത്താവിനോ എന്തെങ്കിലും സംഭവിച്ചാൽ അച്ഛനും സഹോദരൻ വിക്കിയും അവരുടെ സഹായി രാജീവ് റാണയുമായിരിക്കും ഉത്തരവാദികൾ'- ദളിത് യുവാവിനെ വിവാഹം ചെയ്ത ഉത്തർപ്രദേശിലെ ബറേലിയിലെ ബി.ജെ.പി എം.എൽ.എ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്രയുടെ (23) വാക്കുകളാണിത്. സാമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അച്ഛൻ അപകടപ്പെടുത്താൻ ശ്രമിക്കുന്നതായി മകൾ ആരോപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാക്ഷി മിശ്ര അജിതേഷ് കുമാറിനെ (29) വിവാഹം ചെയ്തത്.

ബഹുമാനപ്പെട്ട പാപ്പു (അച്ഛൻ), വിക്കി എന്ന അഭിസംബോധനയോടെ തുടങ്ങുന്ന വീഡിയോയിൽ തങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും താൻ ശരിക്കും വിവാഹിതയാണെന്നും സിന്ദൂരം ഫാഷന് വേണ്ടി അണിഞ്ഞിരിക്കുന്നതല്ലെന്നും സാക്ഷി പറയുന്നു.

'പപ്പാ, നിങ്ങൾ ഗുണ്ടകളെ എനിക്ക് പിന്നാലെ അയച്ചു. ഒളിച്ചിരുന്ന് ഞാനും ഭർത്താവും മടുത്തു. എനിക്കോ ഭർത്താവിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ പിതാവും വിക്കിയും രാജീവ് റാണയുമായിരിക്കും ഉത്തരവാദികൾ. പിതാവിനെ സഹായിക്കുന്നവർ ദയവുചെയ്ത് അത് അവസാനിപ്പിക്കണം. അദ്ദേഹം കാരണം ഞങ്ങളുടെ ജീവൻ അപകടത്തിലാണ്.'- സാക്ഷി വീഡിയോയിൽ പറയുന്നു. തങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നും രക്ഷിക്കണമെന്നും അവർ പൊലീസിനോടും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ രാജേഷ് മിശ്ര ഇതുവരെ തയ്യാറായിട്ടില്ല. വീഡിയോ ശ്രദ്ധയിൽപ്പെട്ടുവെന്നും ദമ്പതികൾക്ക് സുരക്ഷയൊരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നാൽ ഇവർ എവിടെയാണെന്ന് അറിവായിട്ടില്ലെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.കെ. പാണ്ഡെ പറഞ്ഞു.