babu-

തൃശൂർ:കൃഷി മന്ത്രിയുടെ തലസ്ഥാനത്തെ ഓഫീസിലെത്തിയാൽ എണ്ണച്ചായത്തിൽ വരച്ച മനോഹരമായ പത്ത് ചിത്രങ്ങളാണ് നമ്മളെ വരവേൽക്കുക. എന്നാൽ ഈ ചിത്രങ്ങൾ വരച്ച കെ.ജി. ബാബുവിനെ പ്രതിഫലം നൽകാതെ ഉദ്യോഗസ്ഥർ വട്ടം ചുറ്റിച്ചത് ഒന്നരവർഷത്തോളമാണ്.

ഇതിനിടയിൽ പ്രളയത്തിൽ കുടുംബവീട് ഭാഗികമായി തകർന്ന് ബാബു ഒരുപാട് കഷ്ടപ്പെട്ടപ്പോഴും ഉദ്യോഗസ്ഥർ കനിഞ്ഞില്ല. മറ്റ് വഴിയില്ലാതെ അദ്ദേഹം കഴിഞ്ഞയാഴ്ച ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. അതോടെ കൃഷിമന്ത്രി ഇടപെട്ടു. മണിക്കൂറുകൾക്കകം ബാബുവിന്റെ അക്കൗണ്ടിൽ കുറച്ചു പണമെത്തി. ബാക്കി ഉടൻ ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പും !

അന്നം ബ്രഹ്മം എന്ന സന്ദേശവുമായി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന 10 ചിത്രങ്ങൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബാബു കൃഷിവകുപ്പിനായി വരച്ച് നൽകിയത്. കൃഷിവകുപ്പിന്റെ പത്ത് പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു സ്പോൺസർമാർ. ഈ സ്ഥാപനങ്ങളുടെ പേരും ചിത്രത്തിൽ ആലേഖനം ചെയ്തിരുന്നു. അതിൽ ഒരു ചിത്രത്തിന് ഒമ്പത് അടി നീളവും നാലടി ഉയരവുമുണ്ട്.

ഒരു വർഷത്തോളമെടുത്തു പൂർത്തിയാക്കാൻ. സ്പീക്കറും മന്ത്രിമാരും ചേർന്നാണ് ചിത്രങ്ങൾ പ്രകാശനം ചെയ്തത്.

നാലരലക്ഷം രൂപയാണ് ചിത്രങ്ങൾക്ക് സർക്കാരിട്ട വില. ഒരു മാസം കഴിഞ്ഞപ്പോൾ വെറും 85,​000 രൂപയാണ് ബാബുവിന് ലഭിച്ചത്. അന്വേഷിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ബാക്കി ലഭിക്കാൻ വൈകുമെന്നും കൃഷിവകുപ്പിലെ അധികൃതർ പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥരെ വിളിക്കുമ്പോൾ ഫോൺ എടുക്കില്ലായിരുന്നെന്ന് ബാബു പറയുന്നു. ചിത്രങ്ങളുടെ പ്രകാശന ചടങ്ങിലേക്കുള്ള ബ്രോഷർ വരച്ചതും ബാബുവായിരുന്നു. അതിന്റെ തുക അക്കൗണ്ടിലേക്ക് അയച്ചിരുന്നു. ചിത്രങ്ങളുടെ പ്രതിഫലം വീണ്ടും ഇതേ അക്കൗണ്ടിൽ ഇടാൻ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

ലോകശ്രദ്ധ നേടിയ

ചിത്രകാരൻ

അമേരിക്കയിൽ ബോക്‌സ് ഹാർട്ട് ഗാലറിയുടെ ചിത്രപ്രദർശനത്തിൽ ലോകത്തെ 600 കലാകാരൻമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഒരാളാണ് കെ.ജി. ബാബു. ഏഷ്യയിൽ നിന്ന് വെറും മൂന്നുപേർ. 450 ചിത്രകാരൻമാരിൽ നിന്ന് ജർമ്മനിയിലെ പ്രദർശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 പേരിലും ബാബുവുണ്ടായിരുന്നു. ചൈനീസ് ഗവൺമെന്റ് തിരഞ്ഞെടുത്ത അഞ്ച് ഇന്ത്യൻ ചിത്രകാരൻമാരുടെ ലിസ്റ്റിലും ബാബു ഇടം നേടി. തൃശൂർ വേലൂപ്പാടം സ്വദേശിയായ ബാബു പെരിങ്ങാവിൽ വാടകയ്ക്ക് താമസിക്കുകയാണ്. ലളിതകലാ അക്കാഡമിയുടെ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ചിത്രകാരന് പണം കിട്ടിയില്ലെന്ന് അറിഞ്ഞില്ല. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇടപെട്ടു. ശേഷിക്കുന്ന പ്രതിഫലം ഉടൻ നൽകും.

-വി.എസ്. സുനിൽകുമാർ, കൃഷിമന്ത്രി

കൃഷിമന്ത്രിയുടെ നല്ല മനസ് കൊണ്ടാണ് ചിത്രങ്ങൾ അവിടെ പ്രദർശിപ്പിക്കാൻ അവസരമുണ്ടായത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കലാകാരന്മാർക്ക് പ്രതിഫലം ലഭിക്കാതിരിക്കരുത്. അറിയപ്പെടാത്ത ചിത്രകാരൻമാർ നിരവധിയുണ്ട്. ചില ഉദ്യോഗസ്ഥർ കാരണം അവർ പട്ടിണി കിടക്കുകയാണ്

-കെ.ജി. ബാബു