തൃശൂർ: ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകത്തെ ആസ്പദമാക്കി അവതരിപ്പിച്ച മോഹിനിയാട്ടം
നൃത്താവിഷ്കാരത്തിന് ഗിന്നസ് ലോക റെക്കാഡ്.
ദൈവദശകം 104 ഭാഷകളിൽ മൊഴി മാറ്റി സമർപ്പിച്ച കൊടുങ്ങല്ലൂരിലെ സമ്മേളനത്തിലാണ് നൃത്താവിഷ്കാരം ആദ്യം അവതരിപ്പിച്ചത്. ബൃഹത്തായ മോഹിനിയാട്ട നൃത്തമെന്ന ഇനത്തിൽ ദൈവദശകം കൂട്ടായ്മയും, ദൈവദശകം നൂറ് ഭാഷകളിൽ സമാഹരിക്കുന്നതിനു നേതൃത്വം നൽകിയ കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണനുമാണ് നേട്ടം കൈവരിച്ചതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ 21ന് കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലായിരുന്നു 1536 പേർ പങ്കെടുത്ത ദൈവദശകം മോഹിനിയാട്ടം നൃത്താവിഷ്‌കാരം. ദീർഘകാലം കലാമണ്ഡലത്തിലെ അദ്ധ്യാപികയും മോഹിനിയാട്ടം മേധാവിയുമായിരുന്ന കലാമണ്ഡലം ഹൈമവതിയാണ് നൃത്തസംവിധാനം നിർവഹിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെയായിരുന്നു പരിപാടി. വിവിധ ജില്ലകളിൽ നിന്നായി 123 അദ്ധ്യാപകരുടെ കീഴിലാണ് നർത്തകർ അണിനിരന്നത്. വള്ളത്തോൾ സമാധിയിൽ തുടങ്ങിയ പരിശീലനം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയിരുന്നു.
ദൈവദശകം ലോകഭാഷകളിൽ മൊഴിമാറ്റി സമാഹരിച്ചത് പോലെ ദൈവദശകം നൃത്താവിഷ്കാരവും ലോകശ്രദ്ധ നേടി. കൊടുങ്ങല്ലൂരിലെ അവതരണത്തിന് ശേഷം അരുവിപ്പുറത്തെ മഹാപ്രതിഷ്ഠയുടെ 131-ാം വാർഷികത്തിലും ശിവഗിരിയിലും ഗുരുപ്രതിഷ്ഠ നടത്തിയ ചെറായി ഗൗരീശ്വരം ക്ഷേത്രത്തിലും വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രമൈതാനിയിലും മെഗാ നൃത്താവിഷ്കാരം നടത്തിയിരുന്നു.
ദൈവദശകം നൂറുഭാഷകളിൽ പ്രചാരണത്തിന്റ ഭാഗമായി ബംഗളൂരു, ചെന്നൈ, മുംബയ്, മാംഗ്ലൂർ, ഡൽഹി, യു.എ.ഇ എന്നിവിടങ്ങളിലും ദൈവദശകം നൃത്താവിഷ്‌കാരം ഒരുക്കുന്നുണ്ട്. മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ളതിൽ ഒരു കൃതി ആദ്യമായാണ് നൂറിലേറെ ഭാഷകളിൽ പരിഭാഷപ്പെടുത്തുന്നത്. ലാറ്റിൻ അമേരിക്കയിലെ ഇക്വഡോറിലെ ക്വിറ്റോ, ഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ന്യൂയോർക്കിലെ ശ്രീനാരായണ കൺവെൻഷൻ, ശ്രീലങ്കയിലെ വിശ്വസാഹോദര്യ സമ്മേളനം, മലേഷ്യയിലെ യൂത്ത് കോൺഫറൻസ്, ദുബായിലെ ശിവഗിരി തീർത്ഥാടക സമ്മേളനം എന്നിവിടങ്ങളിൽ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ പങ്കെടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലൂടെ ദൈവദശകം പദ്ധതിക്കായുള്ള യാത്രയാണ് 'ദൈവദശകം വിശ്വവിശാലതയിലേക്ക് ' പദ്ധതിയുടെ സാക്ഷാത്കാരത്തിന് ഇടയായത്. .
പാലി മുതൽ മാൻഡറിൻ വരെ
പുരാതന ഭാഷകളിലൊന്നായ സംസ്‌കൃതം, ശ്രീബുദ്ധൻ സംവദിച്ച പാലി, പ്രാചീന ഭാഷകളിലൊന്നായ ആവധി, ബ്രജ്, അപബ്രംശ്, യേശുദേവൻ സംവദിച്ച അരമായ, ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ചൈനീസ് ഭാഷയായ മാൻഡറിൻ, റഷ്യൻ, ഹീബ്രു തുടങ്ങിയ ഭാഷകളിലേക്ക് ദൈവദശകം തർജ്ജമ ചെയ്തു. വത്തിക്കാനിലെ പ്രധാന ഭാഷയായ ഇറ്റാലിയൻ, ആഫ്രിക്കയിലെ സ്വാഹ്‌ലി, സൗത്ത് ആഫ്രിക്കയിലെ ഇസുലു, ആഫ്രിക്കൻസ്, പടിഞ്ഞാറൻ കെനിയയിലെ ബുകുസു തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റം പൂർത്തിയാക്കിയിരുന്നു. ഗുരു നിത്യചൈതന്യയതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ദൈവദശകമാണ് പരിഭാഷായജ്ഞത്തിന് മൂലകൃതിയായി ഉപയോഗിച്ചത്.
കൂട്ടായ്മ കൺവീനർ യു.ടി. പ്രേംനാഥ്, കലാമണ്ഡലം ഹൈമവതി, പ്രൊഫ. കെ.കെ. രവി, ഗിരീഷ് ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.