വാഷിംഗ്ടൺ : സംഘർഷഭരിതമായ പേർഷ്യൻ ഉൾക്കടലിൽ ഹോർമുസ് കടലിടുക്ക് കടക്കുമ്പോൾ ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമം നടത്തിയതായി അമേരിക്ക. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അഞ്ച് സായുധ ബോട്ടുകൾ ഉപയോഗിച്ച് ബ്രിട്ടീഷ് ഹെറിട്ടേജ് ടാങ്കർ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എണ്ണക്കപ്പൽ ഗതിമാറ്റി ഇറാന്റെ സമുദ്രാതിർത്തിയിൽ നിറുത്താൻ ആവശ്യപ്പെട്ടു. എന്നാൽ എണ്ണക്കപ്പലിന് അകമ്പടി സേവിച്ചിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ് മോൺട്രോസ്, ഇറാൻ ബോട്ടുകൾക്ക് നേരെ തോക്കുകൾ ചൂണ്ടിയതോടെ ബോട്ടുകൾ പിന്മാറുകയായിരുന്നുവെന്നും അമേരിക്ക അറിയിച്ചു.
മേഖലയിൽ പറന്നിരുന്ന അമേരിക്കയുടെ യുദ്ധവിമാനം ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയതായും റിപ്പോർട്ടുണ്ട്.
ചെറുബോട്ടുകളെ തുരത്താൻ ശേഷിയുള്ള 30 എം.എം തോക്കുകളാണ് എച്ച്.എം.എസ് മോൺട്രോസിലുള്ളത്. സുരക്ഷയ്ക്കായി എച്ച്.എം.എസ് മോൺട്രോസ് മേഖലയിൽ ഉണ്ടെന്ന് ബ്രിട്ടൻ സ്ഥിരീകരിച്ചിരുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ തെറ്റിച്ചതായി ആരോപിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയിരുന്ന ഇറാന്റെ കപ്പൽ ജിബ്രാൾട്ടർ കടലിടുക്കിൽ വച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി ബ്രിട്ടന് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയുടെ ഡ്രോൺ ഹോർമുസ് കടലിടുക്കിനു സമീപം ഇറാൻ വെടിവച്ചിട്ടതിനെ തുടർന്ന് യുദ്ധസമാന സാഹചര്യമാണ് മേഖലയിൽ നിലനിൽക്കുന്നത്. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം വർദ്ധിപ്പിക്കുകയും 2015ലെ ആണവകരാർ വ്യവസ്ഥകൾ ലംഘിക്കുമെന്ന് തുറന്നടിക്കുകയും ചെയ്ത സാഹചര്യത്തോടെ കടുത്ത ആശങ്കയാണ് ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്നത്.