sonia-gandhi

ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച സാഹചര്യത്തിൽ രാഹുലിന്റെ അമ്മയും മുൻ കോൺഗ്രസ് അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയോട് ആ സ്ഥാനം ഏറ്റെടുക്കാൻ അപേക്ഷിച്ച് കോൺഗ്രസ് നേതാക്കൾ. കർണാടക, ഗോവ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലായി പാർട്ടിയിൽ സംഘർഷങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് അവസാനം സോണിയ ഗാന്ധിയെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് കൊണ്ട് വരാനുള്ള നേതാക്കളുടെ ശ്രമം.

എന്നാൽ സോണിയ ഇക്കാര്യത്തിൽ അനുകൂലമല്ലാത്ത പ്രതികരണമാണ് നൽകിയിരിക്കുന്നത്. താൻ സ്ഥാനം ഏറ്റെടുക്കാൻ തയാറല്ല എന്നാണ് സോണിയയുടെ നിലപാടെങ്കിലും അതിനുള്ള സാധ്യത പൂർണമായും അവർ തള്ളിക്കളഞ്ഞിട്ടില്ല. 72കാരിയായ സോണിയ, തന്റെ മോശം ആരോഗ്യ സ്ഥിതിയെ തുടർന്നാണ് നേതാക്കളുടെ ആവശ്യം നിരാകരിക്കുന്നതെന്നാണ് സൂചന. ഈ അവസ്ഥയിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക എന്നത് തനിക്ക് താങ്ങാനാകാത്ത വെല്ലുവിളി ആയിരിക്കുമെന്നും സോണിയ ഗാന്ധി നേതാക്കളെ അറിയിച്ചിട്ടുണ്ട്.

കർണാടകയിലെ സഖ്യ സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ് ശ്രമങ്ങൾ ഊർജ്ജിതമാക്കിയതിനിടെയാണ് ഗോവയിലും പ്രതിസന്ധികൾ ഉടലെടുത്തത്. ഇതിനോടകം ഗോവയിൽ നിരവധി കോൺഗ്രസുകാർ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷൻ സ്ഥാനത്ത് നിന്നുമുള്ള രാജിയോടെയാണ് നേതാക്കളുടെ രാജി വയ്ക്കലും ആരംഭിച്ചത്. രാജി വച്ചവരിൽ നിരവധി പേർ കോൺഗ്രസിൽ ഉന്നത സ്ഥാനം വഹിക്കുന്നവരാണ്. ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ഡിയോറ എന്നീ മുതിർന്ന നേതാക്കളും ഇക്കൂട്ടത്തിൽ പെടും. മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കോൺഗ്രസ് രൂക്ഷമായ ഉൾപാർട്ടി സംഘർഷത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.