ബെംഗളുരു: സുപ്രീംകോടതി നിർദ്ദേശപ്രകാരം വിമത എം.എൽ.എമാർ സ്പീക്കർക്ക് രാജിക്കത്ത് നേരിട്ട് നൽകാൻ കർണാടക വിധാൻ സൗധയിലെത്തി. മുംബയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ എം.എൽ.എമാർ കനത്ത പൊലീസ് കാവലിലാണ് എത്തിയത്. ഇവർ സ്പീക്കർക്ക് രാജിക്കത്ത് നല്‍കി. വിധാൻ സൗധയിലെ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജി നല്‍കിയത്. ഏഴ് കോൺഗ്രസ് എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് വിമതരുമാണ് രാജി നൽകിയത്.
രാജിവച്ച 10 വിമത എം.എൽ.എമാരോടും ഇന്ന് ആറ് മണിക്ക് മുമ്പ് സ്പീക്കർ രമേശ് കുമാറിന് മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കാണാനെത്തുന്ന ഇവർക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും കോടതി നിർദ്ദേശം നൽകി. രാജിവച്ചെങ്കിലും തങ്ങളെ നേരിട്ട് കാണാൻ സ്പീക്കർ കൂട്ടാക്കുന്നില്ലെന്ന് കാട്ടി 10 വിമത എം.എൽ.എമാർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
അതേസമയം വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം സ്പീക്കർ തള്ളി. തീരുമാനമെടുക്കാൻ കൂടുതൽ സമയം തേടി സ്പീക്കർ ഹർജി സമര്‍പ്പിച്ചു. ഇത് കോടതി നാളെ പരിഗണിക്കും.
അതേസമയം, കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിന് ഭൂരിപക്ഷമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവയ്ക്കേണ്ട അടിയന്തര സാഹചര്യമില്ല. 2008ൽ സമാന സാഹചര്യം ഉണ്ടായപ്പോൾ യെദ്യൂരപ്പ രാജിവെച്ചിട്ടില്ലെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കം കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.