മാഞ്ചസ്റ്റർ:ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ ന്യൂസീലാൻഡിനെതിരെ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞിട്ടും എം.എസ് ധോണിയെ നേരത്തെ ഇറക്കിയിരുന്നില്ല. ടീം തകർച്ച നേരിടുന്ന സമയത്ത് പരിചയസമ്പന്നനായ ധോണിക്ക് പകരം യുവതാരങ്ങളെ ക്രീസിലേക്ക് അയച്ച തീരുമാനത്തിനെതിരെ സച്ചിനും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
അഞ്ചാം നമ്പറിൽ ദിനേശ് കാർത്തിക്കിനേയും ആറാമത് ഹാർദ്ദിക് പാണ്ഡ്യയെയുമാണ് ഇറക്കിയത്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ധോണി വൈകി ഇറക്കി എന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ”അദ്ദേഹത്തിന് ആ റോളാണ് നല്‍കിയത്. ഒരു വശത്തു നിന്ന് കൺട്രോൾ ചെയ്യാനും അവസാന ആറോ ഏഴോ ഓവറുകളിൽഅടിക്കാനും പറ്റുന്ന രീതിയിൽ കളിക്കാൻ പറ്റുമെന്ന് മനസിലായത് കൊണ്ടാണ് അത്.” എന്നായിരുന്നു മത്സരശേഷം കോഹ്‌ലി നല്‍കിയ വിശദീകരണം.
ധോണിയെ വൈകി ഇറക്കിയത് തന്നെ ഞെട്ടിച്ചുവെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്. ”ആ ഒരു ഘട്ടത്തിൽ പരിചയ സമ്പന്നനായ കളിക്കാരനെയാണ് ഇറക്കേണ്ടിയിരുന്നത്. പന്ത് ബാറ്റ് ചെയ്യുമ്പോൾ മറുവശത്ത് ധോണിയായിരുന്നുവെങ്കിൽ, അദ്ദേഹം ഒരിക്കലും ആ ഷോട്ട് അടിക്കാൻ പന്തിനെ അനുവദിക്കുമായിരുന്നില്ല. ജഡേജ ബാറ്റ് ചെയ്യുമ്പോൾ ധോണി അവിടെ ഉണ്ടായിരുന്നു. ഇരുവരും പരസ്പരം സംസാരിച്ചാണ് കളി മുന്നോട്ടു കൊണ്ടുപോയത്. നിർണായകമായൊരു സാഹചര്യത്തിൽ ആശയവിനിമയത്തിന് ശക്തിയുണ്ട്. ധോണിയെ ഒരിക്കലും 7-ാം നമ്പറിൽ ആയിരുന്നില്ല ഇറക്കേണ്ടിയിരുന്നത്. ഒരു ഫിനിഷർ എന്ന നിലയിൽ അദ്ദേഹത്തിനോട് ഇപ്പോഴും വളരെയധികം ബഹുമാനമുണ്ട്. അദ്ദേഹത്തിന് സിക്സറുകൾ അടിക്കാൻ കഴിയില്ലെന്നല്ല, പക്ഷെ ഏകദിന മത്സരങ്ങളിൽ വിജയിക്കാനുള്ള വഴിയാണിതെന്ന് അദ്ദേഹം കരുതുന്നു,” ഗാംഗുലി പറഞ്ഞു.
അതേസമയം, ബാറ്റിങ് ഓർഡറിലെ മാറ്റത്തെ തന്ത്രപരമായ മണ്ടത്തരമെന്നാണ് മുൻ താരം വിവിഎസ് ലക്ഷ്മൺ വിശേഷിപ്പിച്ചത്. ”പാണ്ഡ്യക്കു മുന്നേ ധോണിയെ ഇറക്കണമായിരുന്നു. അതൊരു തന്ത്രപരമായ മണ്ടത്തരമായിരുന്നു. ദിനേശ് കാർത്തിക്കിനു പകരം ധോണി വരണമായിരുന്നു. 2011 ലെ ഫൈനൽ പോലെ, അദ്ദേഹം യുവരാജ് സിംഗിനു പകരം നാലാമനായി ഇറങ്ങി കളി ജയിപ്പിച്ചു,” ലക്ഷ്മൺ പറഞ്ഞു.
നിർണായകമായൊരു മൽസരത്തിൽ അനുഭവ പരിചയമുളള എം.എസ്.ധോണിയെ പോലൊരു കളിക്കാരനെ നേരത്തെ ഇറക്കാതിരുന്നത് ശരിക്കും ഞെട്ടിക്കുന്നുവെന്നാണ് സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും പറഞ്ഞത്. ഹാർദിക് പാണ്ഡ്യക്കുപകരം 5-ാമനായി ധോണി ഇറങ്ങിയിരുന്നുവെങ്കിൽ കളിയിൽ വലിയ മാറ്റം വന്നേനെ. ധോണി തീർച്ചയായും എന്തെങ്കിലും ചെയ്‌തേനെ. ഇങ്ങനെയൊരു നിർണായക മൽസരത്തിൽ ധോണിയെ നേരത്തെ ഇറക്കി കളിയുടെ നിയന്ത്രണം കൈക്കലാക്കണമായിരുന്നു. മൽസരത്തിന്റെ അവസാനഘട്ടത്തിൽ ജഡേജയുമായി സംസാരിച്ച് ധോണിയാണ് കളി നിയന്ത്രിച്ചത്. വളരെ സമർത്ഥമായി അദ്ദേഹം സ്ട്രൈക്ക് നൽകിയെന്ന് സച്ചിൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.