dubai-accident

ദുബായ്: ചെറിയ പെരുന്നാൾ അവധിക്കാലത്ത് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവറായ ഒമാൻ പൗരന് ഏഴ് വർഷം ജയിൽ ശിക്ഷ. ഇതിനു പുറമെ മരിച്ചവരുടെ ആശ്രിതർക്കായി 34,00,000 ദിർഹം നഷ്ടപരിഹാരവും നൽകണം. ശിക്ഷ അനുഭവിച്ച ശേഷം 53 കാരനായ ഡ്രൈവറെ യു.എ.ഇയിൽ നിന്ന് നാടുകടത്താനും 50,000 ദിർഹം പിഴയടയ്ക്കാനും കൂടി ദുബായ് ട്രാഫിക് കോടതി വിധിച്ചു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. മരിച്ച 17 പേരിൽ എട്ട് മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാരും രണ്ട് പാകിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണുള്ളത്. ഇവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം ദിർഹം വീതം (ഏകദേശം 37.27 ലക്ഷം ഇന്ത്യൻ രൂപ) ലഭിക്കും. ഇന്നലെ രാവിലെയാണ് കോടതി വിധി പറഞ്ഞത്.
ജൂൺ ആറിനാണ് 30 യാത്രക്കാരുമായി ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസ് ഷേഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ഇടിച്ചുകയറിയത്.

തലശേരി കോടതിക്കുസമീപം ചേറ്റംകുന്നിലെ സറീനാസിൽ സി.കെ. ഉമ്മർ (62), മകൻ നബീൽ ഉമ്മർ (21), തൃശൂർ സ്വദേശികളായ വിഷ്ണുദേവ് വാസുദേവൻ, തളിക്കുളം അറക്കവീട്ടിൽ ജമാലുദ്ദീൻ (48), ചെമ്പൂക്കാവ് വള്ളിത്തോട്ടത്തിൽ കിരൺ ജോണി (26), തിരുവനന്തപുരം വേളി ബോട്ട് ക്ലബിനു സമീപം മാധവപുരം ജയഭവനിൽ ദീപകുമാർ (40), കോട്ടയം പാമ്പാടി സ്വദേശി വിമൽകുമാർ കാർത്തികേയൻ (35), കണ്ണൂർ മൊറാഴ സ്വദേശി രാജൻ പുതിയപുരയിൽ എന്നിവരാണ് മരിച്ച മലയാളികൾ.

വാദം ഇങ്ങനെ

കേസിൽ ആദ്യം ഡ്രൈവർ കുറ്റം സമ്മതിച്ചെങ്കിലും സ്റ്റീൽ തൂൺ സ്ഥാപിച്ചതിലെ പിഴവാണ് കാരണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം വാദിച്ചു. ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിട്ടിയിൽ നിന്നുള്ള വിദഗ്ദ്ധരുടെ സംഘത്തെ നിയോഗിച്ച് അപകട സ്ഥലവും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും പരിശോധിച്ച് റിപ്പോർട്ട് തേടണമെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. അതേസമയം റോഡിൽ രണ്ട് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.