murder
murder

പനങ്ങാട് (കൊച്ചി): പൊലീസിന്റെ വീഴ്ചയാണ് മകൻ കൊല്ലപ്പെടാൻ കാരണമെന്ന് നെട്ടൂരിൽ ചതുപ്പിൽ താഴ്‌ത്തിയ നിലയിൽ കാണപ്പെട്ട അർജുന്റെ പിതാവ് വിദ്യൻ ആരോപിച്ചു. കാണാതായതിന്റെ പിറ്റേന്ന് പനങ്ങാട് സ്റ്റേഷനിൽ പരാതി നൽകുകയും സംശയിക്കുന്നവരെ പിടിച്ചുനൽകുകയും ചെയ്തിട്ടും അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിച്ചു

ജൂലായ് രണ്ടിന്‌ രാത്രി 10 നു ശേഷമാണ് മകനെ കാണാതായത്. മൂന്നിന്‌ വൈകിട്ട് ആറോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അടിയന്തരമായി അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. മൊബൈൽ ലൊക്കേഷൻ ആലുവയിലാണ് കാണുന്നതെന്നും അവിടെ സുഹൃത്തുക്കൾ വഴി അന്വേഷിക്കണമെന്നുമാണ് സ്റ്റേഷനിൽ നിന്ന് പറഞ്ഞത്.

അഞ്ചാം തീയതി റോണി, നിബിൻ എന്നിവരെ അർജുന്റെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു വീട്ടിൽ വരുത്തി, പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു. മോശമായ ഒരുപാട് ബന്ധങ്ങൾ അർജുന് ‌ഉണ്ടെന്നും കഞ്ചാവ് ഇടപാടുണ്ടെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. അവ വിശ്വസിച്ച് പൊലീസ് അവരെ വിട്ടയച്ചു.

പിറ്റേന്ന് ഒരു എ.എസ്.ഐ വിവരങ്ങൾ തിരക്കി വീട്ടിലെത്തി മടങ്ങി. അടുത്തദിവസം സ്റ്റേഷനിൽ ഫോണിൽ വിളിച്ചു തിരക്കിയപ്പോൾ ആളെവിടെയെന്ന് പറയാൻ തങ്ങൾ കണിയാന്മാരല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഫോണിൽ മറുപടി പറഞ്ഞത് ആരാണെന്ന് അറിയില്ല. അർജുന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ തൊടുപുഴയിലും കോതമംഗലത്തുമാണെന്നും അറിയിച്ചു.

"അർജുനെ ചില കൂട്ടുകാർ വിളിച്ചുകൊണ്ടുപോയി കൊലയ്ക്കു കൊടുക്കുകയായിരുന്നെന്ന് പൊലീസിനോട് പറഞ്ഞതാണ്. അന്നേ അന്വേഷിച്ചിരുന്നെങ്കിൽ അവന്റെ മുഖമെങ്കിലും എനിക്ക് കാണാൻ കഴിയുമായിരുന്നു." വിദ്യൻ പറഞ്ഞു.

അർജുന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷനുകൾ പൊലീസിനെ കബളിപ്പിച്ചതും അന്വേഷണത്തെ ബാധിച്ചു. കോതമംഗലം, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ടവർ ലൊക്കേഷനുകൾ ലഭിച്ചിരുന്നു. ദൃശ്യം സിനിമയിലേതുപോലെ ഏതോ വാഹനത്തിൽ മൊബൈൽ ഉപേക്ഷിച്ചായിരിക്കണം പ്രതികൾ കൃത്യം നിർവഹിച്ചതെന്നും പിതാവ് പറഞ്ഞു.

അന്വേഷിക്കും: ഡി.സി.പി

അർജുന്റെ പിതാവ് പൊലീസിനെതിരെ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് ഗൗരവമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലി പറഞ്ഞു.