kerala-police

കോഴിക്കോട്: വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരെ സഹായിക്കാനെത്തി കേരള പൊലീസ്. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് സുരക്ഷയൊരുക്കാൻ 'ബെൽ ഒഫ് ഫെയ്ത്ത്' എന്ന പുതിയ പദ്ധതിയാണ് പൊലീസ് രംഗത്തിറക്കുന്നത്. ഒരു 'സെറ്റ് ടോപ്പ്' ബോക്സിന്റെ മാത്രം വലിപ്പമുള്ള ബെല്ലാണ് പൊലീസ് ഇതിനായി വീടുകളിൽ സ്ഥാപിക്കുക. വീടുകളിൽ മറ്റാരും സഹായമിലാതെ താമസിക്കുന്നവർക്ക്,

എന്തെങ്കിലും അപകടം പിണഞ്ഞാൽ ഈ ബെൽ വഴി വിവരം പുറത്തറിയിക്കാൻ സാധിക്കും.

വീട്ടിലെ ആളിന് അപകടം ഉണ്ടായി എന്ന വിവരം ലഭിച്ച് പത്ത് മിനിറ്റിനകം പൊലീസ് ചുമതല നൽകിയ വോളണ്ടിയർമാർ വീട്ടിലെത്തി വേണ്ട ശുശ്രൂഷ നൽകും. ഇതിനായി വോളണ്ടിയർമാർക്ക് പൊലീസ് പരിശീലനം നൽകിയിട്ടുണ്ട്. ഇങ്ങനെ സേവനം നൽകാൻ താൽപ്പര്യമുള്ളവരെയാണ് പൊലീസ് ഇതിനായി തിരഞ്ഞെടുക്കുക. പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഇരുപത്തിയെട്ട് വീടുകളിൽ പൊലീസ് ഈ ബെൽ സ്ഥാപിച്ച് കഴിഞ്ഞു.

ഈ സംവിധാനം പ്രായമായവർക്കുള്ള സർക്കാരിന്റെ 'വയോമിത്രം' പദ്ധതിയിൽ ഉൾപ്പെടുത്തി സംവിധാനം വിപുലീകരിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമായി കോഴിക്കോടുള്ള 141 വീടുകളിൽ ഇത്തരത്തിലുള്ള ബെല്ലുകൾ സ്ഥാപിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഈ ബെൽ സ്ഥാപിച്ച ശേഷം സ്ഥലത്തെ റെസിഡൻസ് അസോസിയേഷനുകളുമായി ചേർന്ന് പൊലീസ് വിവരശേഖരണവും നടത്തും.