കൊച്ചി : നെട്ടൂരിൽ റെയിൽവേ ട്രാക്കിന് സമീപം കുമ്പളം സ്വദേശി അർജുനെ (20) കൊലപ്പെടുത്തി കണ്ടൽക്കാട്ടിലെ ചതുപ്പിൽ ചവിട്ടിത്താഴ്‌ത്തിയ സുഹൃത്തുക്കളായ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. നെട്ടൂർ സ്വദേശികളായ മാളിയേക്കൽ നിബിൻ പീറ്റർ (20), കുന്നലക്കാട്ട് വീട്ടിൽ റോണി (23), കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു (21), പനങ്ങാട് തട്ടാശേരിൽ അജിത്കുമാർ (22), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ നിബിന്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിക്കാൻ കാരണം അർജുനാണെന്ന സംശയത്തെത്തുടർന്ന് ഇവർ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് പ്രതികളെ പിടികൂടി പൊലീസിന് കൈമാറിയത്. കാണാതായതിന്റെ പിറ്റേന്ന് പരാതി നൽകിയെങ്കിലും അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് വീട്ടുകാർ ആരോപിച്ചു.
പെട്രോൾ വാങ്ങാനെന്ന വ്യാജേന അർജുനെ ഈമാസം രണ്ടിന് രാത്രി പത്തോടെ വീട്ടിൽനിന്ന് വിളിച്ചുവരുത്തി വിജനമായ സ്ഥലത്തെത്തിച്ച് പട്ടികയ്ക്കും കല്ലുകൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. ചതുപ്പിൽ താഴ്‌ത്തി കോൺക്രീറ്റ് സ്ളാബിട്ട് മൂടി സംഘം സ്ഥലംവിട്ടു. അർജുന്റെ മൊബൈൽഫോൺ ദൃശ്യം സിനിമയെ അനുകരിച്ച് ഒരു ലോറിയിലേക്ക് വലിച്ചെറിഞ്ഞു.
കുമ്പളം കണിയാന്തുരുത്തിയിൽ റോഡിൽ എം.എസ്. വിദ്യന്റെ മകനാണ് കൊല്ലപ്പെട്ട അർജുൻ. പ്ളസ് ടു പൂർത്തിയാക്കിയ അർജുൻ ബന്ധുവിന്റെ പരസ്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു
നെട്ടൂർ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് കണിയാച്ചാൽ പ്രദേശത്തെ കണ്ടൽക്കാടുകൾക്കിടയിൽ ബുധനാഴ്ച വൈകിട്ടാണ് അർജുന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ദ്ധരും പൊലീസ് സംഘവും പരിശോധനയും ഇൻക്വസ്റ്റും പൂർത്തിയാക്കി. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് സംസ്കരിച്ചു.
കൊലയ്ക്ക് പിന്നിൽ പ്രതികാരം
അറസ്റ്റിലായ നിബിന്റെ അനുജൻ അബിൻ കഴിഞ്ഞവർഷം ബൈക്കപകടത്തിൽ മരിച്ചിരുന്നു. പിന്നിലിരുന്ന അർജുന് സാരമായി പരിക്കേറ്റിരുന്നു. അർജുൻ ആസൂത്രണം ചെയ്ത വാൽപ്പാറയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കളമശേരി പ്രീമിയർ ജംഗ്ഷന് സമീപം അപകടമുണ്ടായത്. അബിന്റെ മരണത്തിന് കാരണം അർജുനാണെന്ന പേരിൽ ഇരുവരുടെയും വീട്ടുകാർ തമ്മിൽ മുമ്പ് വഴക്കുണ്ടായിരുന്നു. അർജുനോട് നിബിനുണ്ടായ പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
റോണിയും, പ്രായപൂർത്തിയാകാത്തയാളും ചേർന്ന് രാത്രിയിൽ ഫോണിൽ അർജുനെ വിളിച്ചു സൈക്കിളിൽ കൊണ്ടുപോകുകയായിരുന്നു. മകനെ കാണാനില്ലെന്ന പരാതി പിറ്റേന്ന് വിദ്യൻ പനങ്ങാട് പൊലീസിന് നൽകിയിരുന്നു. ഒമ്പതാം ദിവസമായ ബുധനാഴ്ച വൈകിട്ടാണ് ചതുപ്പിൽ തള്ളിയ നിലയിൽ മൃതദേഹം കണ്ടത്തിയത്.
വിദ്യൻ പാഴ്സൽ ലോറി ഡ്രൈവറാണ്. മാതാവ് : ഇന്ദു. സഹോദരി : അനഘ.