കൊച്ചി : സർക്കാർ കോളേജുകളിൽ പ്രതിമകളും സ്മാരകങ്ങളും സ്ഥാപിക്കുന്നതിൽ സർക്കാർ നയമെന്താണെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന് സ്മാരകം നിർമ്മിച്ചതിനെതിരെ കോളേജ് വിദ്യാർത്ഥികളായ കെ.എം. അംജാദ്, കാർമ്മൽ ജോസ് എന്നിവർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇൗ നിർദ്ദേശം നൽകിയത്. സർക്കാരും കോളേജിന്റെ ഗവേണിംഗ് ബോഡി, പ്രിൻസിപ്പൽ, ജില്ലാ കളക്ടർ തുടങ്ങിയവരും നിലപാട് അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സ്തൂപം നിർമ്മിക്കാൻ അനുമതിയുണ്ടായിരുന്നോ എന്നതടക്കമുള്ള വിഷയങ്ങളാണ് പരിഗണിക്കുന്നത്. കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്തൂപം കോളേജിൽ സ്ഥാപിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. എന്നാൽ സ്തൂപം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാനൂറി ലധികം വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനം ലഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ നയം ഇല്ലെങ്കിൽ ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം പ്രതിമകൾ വരുമെന്ന് വാക്കാൽ പറഞ്ഞ ഡിവിഷൻ ബെഞ്ച് ആഗസ്റ്റ് ഒമ്പതിനകം സ്റ്റേറ്റ്മെന്റ് നൽകാൻനിർദ്ദേശിച്ചു. ഹർജി ആഗസ്റ്റ് 12 ന് വീണ്ടും പരിഗണിക്കും.