അഹമ്മദാബാദ്: ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകനും ആക്ടിവിസ്റ്റുമായ അമിത് ജേത്വയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ബി.ജെ.പി എം.പി ദിനു സോളങ്കി ഉൾപ്പെടെ 6 പേർക്ക് ജീവപര്യന്തം ശിക്ഷ. ഗുജറാത്തിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഗൂഢാലോചനയിൽ ദിനു സോളങ്കിക്കും മറ്റ് 6 പേർക്കും പങ്കുണ്ടെന്നും കോടതി പറഞ്ഞു.
ദിനു സോളങ്കി, അനന്തരവൻ ശിവ സോളങ്കി, സഞ്ജയ് ചൗഹാൻ, ശൈലേഷ് പാണ്ഡെ, പഞ്ചൻ ദേശായി, ഉദജി താക്കൂർ, പൊലീസ് കോൺസ്റ്റബിൾ ബഹാദൂർസിംഗ് വാദർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
തുടക്കത്തിൽ അഹമ്മദാബാദ് ഡിറ്റെക്‌ഷൻ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ആറ് പേർക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ദിനു സോളങ്കിയുടെ പേര് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ജേത്വയുടെ പിതാവ് ഭികാഭായ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം 2013 ൽ സി.ബി.ഐ കേസ് ഏറ്റെടുത്തതോടെ സോളങ്കിയെ പ്രതിചേർക്കുകയായിരുന്നു.
കേസിൽ സാക്ഷികളെ ബി.ജെ.പി സ്വാധീനിക്കുന്നുവെന്ന് ആരോപണമുയരുകയും സാക്ഷികളിൽ പലരും കൂറുമാറുകയും ചെയ്തതിന് പിന്നാലെയാണ് പുനർവിചാരണയ്ക്ക് കോടതി ഉത്തരവിട്ടത്.
ഒൻപതു വർഷം മുമ്പ്, 2010 ജൂലായിലാണ് ഗുജറാത്ത് ഹൈക്കോടതിക്ക് പുറത്തുവച്ച് അമിത് ജേത്വ വെടിയേറ്റു മരിച്ചത്. ഗുജറാത്തിലെ ഗീർ വനങ്ങളിലെ സിംഹങ്ങളുടെ സംരക്ഷണത്തിനായി വിവരാവകാശ നിയമം ബലമാക്കി പ്രവർത്തിച്ചുവരികയായിരുന്ന അമിത്. ആ സമയത്ത് ജുനഗഡിൽ നിന്നുള്ള എം.പിയായിരുന്നു സോളങ്കി. ഗീർ വനത്തിൽ ദിനു സോളങ്കി നടത്തുന്ന അനധികൃത ഖനനം പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ജേത്വ കൊല്ലപ്പെട്ടത്.