lata-mangeshkar

ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുൻ നായകനും വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനുമായ മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റിൽ നിന്ന് നവിരമിക്കുമെന്ന് വാർത്തകൾ പരന്നിരുന്നു. ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായതോടെ ധോണിയുടെ വിരമിക്കൽ വാർത്തകൾ വീണ്ടും സജീവമായി. ധോമിയുടെ വിരമിക്കൽ വാർത്തകൾ ചർച്ചയാകുന്നതിനിടെ ധോണിയ്ക്ക് പിന്തുണയുമായി പ്രമുഖ ഗായിക ലത മങ്കേഷ്‌കർ രംഗത്തെത്തി.

ഇപ്പോഴൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ് ലത മങ്കേഷ്‌കർ ധോണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് താങ്കളെപ്പോലെയുള്ള ക്രിക്കറ്റ് താരത്തെ ആവശ്യമാണെന്നും ട്വിറ്ററിലൂടെ ഗായിക പറഞ്ഞു. 'നമസ്‌കാരം എം.എസ്. ധോണി ജി. നിങ്ങൾ റിട്ടയർ ചെയ്യാൻ ഒരുങ്ങുന്നതായി ഞാൻ കേട്ടു. ദയവായി അങ്ങനെയൊന്നും ചിന്തിക്കരുത്. രാജ്യത്തിന് നിങ്ങളുടെ കളി ആവശ്യമാണ്. വിരമിക്കുന്നതിനെക്കുറിച്ചുള്ള ചിന്തപോലും നിങ്ങൾക്കുണ്ടാവരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.' ലത മങ്കേഷ്‌കർകുറിച്ചു.


സെമിഫൈനലിൽ ന്യൂസിലാൻഡിന്റെ 240 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിലെ മുൻനിരയെ നഷ്ടമായിരുന്നു. ഏഴാം വിക്കറ്റിൽ ധോണിയും (50) ജഡേജയും (77) ചേർന്നുള്ള 116 റൺസിന്റെ കൂട്ടുകെട്ടാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. എന്നാൽ ഇരുവരും പുറത്തായതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.