arrest

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദർ തോമസ് എം. കോട്ടൂരും സിസ്റ്റർ സെഫി ആഗസ്റ്റിനും ആഗസ്റ്റ്‌ അഞ്ചിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക സി.ബി.എെ കോടതി കർശന നിർദ്ദേശം നൽകി.

പ്രതികൾക്കെതിരായ കുറ്റം ചുമത്തുന്ന നടപടിക്രമത്തിന്റെ ഭാഗമായാണിത്. കഴിഞ്ഞ വിചാരണ വേളയിൽ ഫാദർ തോമസ് എം. കോട്ടൂർ മാത്രമാണ് ഹാജരായത്. അതിനാൽ ജൂലായ് 11ന് ഇരുവരും ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സിസ്റ്റർ സെഫി മാത്രം ഹാജരായി. ഇത് കോടതിയെ ചൊടിപ്പിച്ചു. കേസ് വിചാരണ ഉടൻ ആരംഭിക്കണമെന്ന ഹെെക്കോടതിയുടെ നിർദ്ദേശം ഉള്ളതിനാൽ പ്രതികളുടെ ഈ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റ വിമുക്തനാക്കിയ സാഹചര്യത്തിൽ തങ്ങളെയും കുറ്റവിമുക്തരാക്കണം എന്ന ആവശ്യവുമായി കോട്ടൂരും സെഫിയും ഹെെക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

1992 മാർച്ച് 27 നാണ് പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയെ കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. 27 വർഷമായി നീണ്ടു പോയ കേസാണ് ഇപ്പോൾ വിചാരണ ആരംഭിക്കാൻ പോകുന്നത്.