ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ 13500 കോടിരൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ 24 കോടിരൂപ വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ദുബായിലെ മൂന്ന് വസ്തുവകകൾ, ഒരു മെഴ്സിഡസ് ബെൻസ് കാർ, സ്ഥിരനിക്ഷേപം, മറ്റ് വിലപിടിച്ച വസ്തുക്കൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. ഇതുവരെ ചോക്സിയുടേതായി 2534 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇഡി അധികൃതർ അറിയിച്ചു. അതേസമയം, ചോക്സിക്ക് 6000 കോടിയോളം രൂപയുടെ അനധികൃ സ്വത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2018 ജനുവരി മുതൽ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വയിലാണ് ചോക്സി താമസിക്കുന്നത്. മാത്രമല്ല, ഇക്കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയും ചെയ്തു