india-

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെയും ജമ്മു കാശ്മീരിനെതിരെയും ഭീഷണി സന്ദേശവുമായെത്തിയ അൽ ഖ്വയ്ദയെ തള്ളി അധികൃതർ. ഇത്തരം ഭീഷണികൾ സ്ഥിരമാണെന്നും ഗൗരവമായി എടുക്കേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇത്തരം ഭീഷണികൾ ശീലമായികഴിഞ്ഞു. അവയെ ഗൗരവ്വമായി കാണേണ്ടതില്ലെന്ന് കരുതുന്നു’ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആക്രമണം തടയാൻ സേനകൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ കർത്താർപൂർ ഇടനാഴി എത്രയും പെട്ടെന്ന് പൂർത്തിയാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും കുമാർ പറഞ്ഞു.

അൽ ഖ്വയ്ദ ചീഫ് അയ്മൻ അല്‍ സവാഹിരിയുടെ വീഡിയോ സന്ദേശത്തിലായിരുന്നു ഭീഷണി. കാശ്മീരിനെ മറക്കരുതെന്നും ഇന്ത്യൻ സൈന്യത്തിന് തിരിച്ചടി നൽകാൻ കാശ്മീരിലെ മുജാഹിദ്ദീനുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അയ്മൻ അൽ–സവാഹിരി പറഞ്ഞു. ഭീകരസംഘടന പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭീകരവാദത്തിൽ പാകിസ്ഥാന്റെ പങ്കിനെപറ്റിയും സവാഹിരി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് തെളിയിക്കുന്നതിനായി പാകിസ്ഥാൻ ഇന്റലിജൻസ് തന്നെയാണ് വീഡിയോ പുറത്തുവിട്ടതെന്നും ആരോപണമുണ്ട്. കാശ്മീരിലെ സംഘട്ടനങ്ങൾ വെറും അതിർത്തി തർക്കം മാത്രമല്ലെന്നും മുസ്ലിം സമുദായത്തിനെതിരെയുള്ള വിനാശ ശക്തികളോടുള്ള യുദ്ധമാണെന്നും സവാഹിരി പറഞ്ഞു. കാശ്മീരിൽ മുസ്ലിം പള്ളികളിലും മുസ്ലിങ്ങൾ ഒത്തുകൂടുന്ന ഇടങ്ങളിലും ആക്രമം നടത്തരുതെന്നും അയ്മൻ അൽ–സവാഹിരി ആഹ്വാനം ചെയ്തിട്ടുണ്ട്.