കോയംമ്പത്തൂർ: കാമുകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞ് നിർത്തി അസഭ്യം പറയുകയും സദാചാര ആക്രമണം ചെയ്ത രണ്ടുപേരെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച്ച മുൻപാണ് സംഭവം നടന്നത്. താൻ പഠിക്കുന്ന കോളേജിൽ നിന്നും ടി.സി വാങ്ങി തന്റെ കാമുകനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 20 വയസുകാരിയായ യുവതിയെയാണ് സൈഫുള്ള, സയീദ് എന്ന പേരുള്ള രണ്ടുപേരും മറ്റ് ചിലരും വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുന്നത്. യുവതിയുടെ പർദ്ദ പൊക്കി നോക്കി 'നീയൊരു മുസ്ലിം തന്നെയാണോ?' എന്ന് ചോദിച്ച ഇവർ കൂടെയുണ്ടായിരുന്ന യുവാവിനെയും സുഹൃത്തിനെയും ആക്രമിക്കാൻ മുതിർന്നു. ശേഷം ആള് കൂടുന്നത് കണ്ടുകൊണ്ട് യുവതിയെയും കൂടെയുള്ളവരേയും വെറുതെ വിട്ട ഇവർ അൽപ്പനേരം കഴിഞ്ഞു ഇവരെ പിന്തുടർന്ന് ചെന്ന് വീണ്ടും ആക്രമിച്ചു.
യുവതിയുടെ കാമുകനെ ഇവർ കരണത്തടിക്കുകയും, കത്തി കാട്ടി ഇരുവരേയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കാമുകന്റെ കയ്യിലുള്ള ഫോൺ പിടിച്ചുവാങ്ങി പരിശോധന നടത്തിയ സൈഫുള്ളയും സയീദും അതിലുണ്ടായിരുന്ന അയാളുടെ സ്ത്രീ സുഹൃത്തുക്കളുടെ ഫോട്ടോകൾ നോക്കി അശ്ലീലം പറയുകയും ചെയ്തു. യുവതിയോടും ഇവർ അസഭ്യം പറയുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തു. ഏകദേശം മൂന്ന് മണിക്കൂറോളം തങ്ങളെ ഇവർ തങ്ങളെ പിടിച്ചുവച്ചു എന്ന് ആക്രമിക്കപ്പെട്ട യുവതി പറയുന്നു. സംഭവ ശേഷം ആകെ പേടിച്ച് പോയ യുവതി ഒരാഴ്ച കഴിഞ്ഞാണ് പൊലീസിന് പരാതി നൽകിയത്. അധികം താമസിയാതെ തന്നെ പൊലീസ് സ്ഥലത്തെ കടയുടമകളായ സൈഫുള്ളയെയും സയീദിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
എന്നാൽ യുവതിക്കും കൂട്ടുകാർക്കുമെതിരെ സദാചാര ആക്രമണമല്ല നടന്നതെന്നും ആക്രമണം നടത്തിയവരെ യുവതിക്ക് അറിയാമായിരുന്നു എന്നുമാണ് കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ സുമിത് ശരൺ പറയുന്നത്. ഒരു മുസ്ലിം മറ്റൊരു മുസ്ലീമിനെ ചോദ്യം ചെയ്‌താൽ അതെങ്ങനെ സദാചാര ആക്രമണമാകുമെന്നും പൊലീസ് കമീഷണർ ചോദിക്കുന്നു. ഇവർ തമ്മിൽ മുൻപുണ്ടായ ഒരു പ്രശ്നത്തിന്റെ തുടർച്ചയാണ് ഈ സംഭവമെന്നും പൊലീസ് പറയുന്നു. സൈഫുള്ളയ്ക്കും സയീദിനൊപ്പം യുവതിയെ ആക്രമിച്ച മറ്റുളളവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.