dead

മുംബയ്: വിവാഹിതയായ കാമുകിയെ കാണാൻ ഫ്‌ളാറ്റിലേക്ക് പിടിച്ചുകയറിയ 19കാരനായ കാമുകൻ താഴെ വീണു മരിച്ചു. മുംബയിലെ അഗ്രിപ്പാഡ എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. ദില്ലിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ലാബ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്ന കൗമാരക്കാരനാണ് ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ താമസിക്കുന്ന 24കാരിയായ കാമുകിയെ കാണാനായി ഫ്ലാറ്റിലേക്ക് എത്തിയത്. ഫ്‌ളാറ്റിൽ മൊത്തം 15 നിലകളാണുള്ളത്.

മുൻപ് യുവതിയുടെ ഫ്‌ളാറ്റിൽ കയറിയ യുവാവ് പുറത്തിറങ്ങുന്നത് യുവതിയുടെ അമ്മാവൻ കാണുകയും ഇത് ഇയാൾ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കാമുകനും അമ്മാവനും തമ്മിൽ വഴക്കുണ്ടായി. അതുകൊണ്ട് ഇത്തവണ അമ്മാവന്റെ കണ്ണ് വെട്ടിച്ച് യുവതിയുടെ അടുത്തെത്താനാണ് കാമുകൻ ഈ മാർഗം സ്വീകരിച്ചത്.

ഫ്‌ളാറ്റിന്റെ പിന്നിൽ ഉള്ള അരമതിൽ ചാടിക്കടന്ന ശേഷം ജനൽ വഴി മുകളിലേക്ക് പിടിച്ചു കയറുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ കാൽ വഴുതി താഴേക്ക് പതിച്ചത്. മുംബയിൽ ഏതാനും ദിവസങ്ങളായി കനത്ത മഴയായിരുന്നതിനാൽ ഫ്‌ളാറ്റിൽ പലയിടത്തും വഴുക്കളുണ്ടായിരുന്നു. വഴുക്കലിൽ ചവിട്ടിയാണ് യുവാവ് കാൽ വഴുതി താഴെ വീണത്. ഫ്ലാറ്റിലെ ടാങ്കിൽ വെള്ളം നിറയ്ക്കാനായി എത്തിയ ആളാണ് യുവാവ് മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.