സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ സാധാരണക്കാർപെടുന്ന പാട് ചില്ലറയല്ല. വീടിനുള്ള പ്ലാൻ വരച്ച്, നല്ല ഒരു കോൺട്രാക്ടറെയോ ആർക്കിടെക്ടിനെയോ കണ്ടെത്തി ഭവന വായ്പയൊക്കെ എടുത്ത് വീട് നിർമ്മാണം പൂർത്തിയാക്കി വരുമ്പോൾ മാസങ്ങളെടുക്കും. ഒരു മനുഷ്യായുസ് മുഴുവൻ ഇതിന് വേണ്ടി ചെലവിടുന്നവവരും നിരവധിയാണ്.
എന്നാൽ വെറും രണ്ടേ രണ്ടു ദിവസം കൊണ്ടൊരു വീട് നിർമ്മിക്കാനുള്ള വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇ കൊമേഴ്സ് രംഗത്തെ ഭീമൻമാരായ ആമസോൺ. കുഞ്ഞൻ വീടുകളുമായാണ് ആമസോണിന്റെ രംഗപ്രവേശം. ഡു ഇറ്റ് യുവർ സെൽഫ് (DIY) 'റെഡി ടു ലീവ്' വീടുകളാണ് ആമസോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
വിദേശരാജ്യങ്ങളിൽ ഈയടുത്തകാലത്തായി ഉണ്ടായ ട്രെൻഡാണ് കുഞ്ഞൻവീടുകൾ. ഇത് പിന്തുടർന്നാണ് ആമസോൺ നൂറു മുതൽ നാനൂറു ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾ നിർമ്മിക്കാൻ സാധിക്കുന്ന കിറ്റുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇത്തരമൊരു കിറ്റിന് 5000 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്.
ഒരു ബെഡ് റൂം വീടുകൾ മുതൽ മൂന്ന് ബെഡ്റൂം വീടുകൾ വരെ ഇതിലുണ്ട്. ത്രീ ബെഡ്റൂം വീടുകളുടെ സാമഗ്രികൾക്ക് 19,000 ഡോളർ വരെയാണ് വില. അതായതു ഏകദേശം 13,03,875 രൂപ. 40000 ഡോളറിന്റെ വീടുകളുമുണ്ട്. ആവശ്യക്കാർക്ക് ഇത്തരം വീടുകളുടെ സാമഗ്രികൾ ആമസോൺ വഴി വാങ്ങിയാൽ വെറും രണ്ടേ രണ്ടു ദിവസം കൊണ്ട് ഈ കുഞ്ഞൻ വീടുകൾ ഇഷ്ടമുള്ള സ്ഥലത്ത് പണിതുയർത്താം.