mims-davies

പത്ത് ലക്ഷം പേർ ബ്രിട്ടീഷ് മഹാരാജ്യത്തിൽ കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിന് പരിഹാരമായി ബ്രിട്ടീഷ് ഭരണകൂടം ഒരു വഴി മാത്രമേ മുൻപിൽ കണ്ടുള്ളൂ. രാജ്യത്ത് ഏകാന്തത അനുഭവിക്കുന്നവർക്കായി ഒരു വകുപ്പ് തന്നെ രൂപപ്പെടുത്തുക. അങ്ങനെ രൂപപ്പെടുത്തിയ വകുപ്പിന്റെ മന്ത്രിയായി എത്തിയതാണ് ബ്രിട്ടനിലെ കൺസർവേറ്റിവ് പാർട്ടി എം.പിയായ മിംസ് ഡേവീസ്. ഏകാന്തത പരിഹരിക്കാൻ ഒരു മന്ത്രി വേണം എന്ന് പറയുമ്പോൾ തന്നെ അതിന്റെ ഗൗരവം മനസിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ തന്റെ മുന്നിലുള്ള ഉത്തരവാദിത്തം ഏറെ വലുതാണെന്നും മിംസിനറിയാം.

15 സിഗരറ്റുകൾ വലിക്കുന്നവർക്ക് വരുന്ന അത്രയും തന്നെ രോഗങ്ങൾ കടുത്ത ഏകാന്തത അനുഭവിക്കുന്നവർക്കും വന്നു ഭവിക്കാം. സാധാരണ ഇങ്ങനെയുള്ളവർ സമൂഹത്തിലുള്ളവരോട് ടെക്നോളജി ഉപയോഗിച്ചാകും കൂടുതലും ഇടപെടുക. ടെക്സ്റ്റ് മെസേജുകളിലൂടെയും മറ്റും. എന്നാൽ യഥാർത്ഥ മനുഷ്യരുമായി ഇടപെടാനുള്ള അവസരം ഇവർക്ക് വളരെ കുറവാണ്. ഏകാന്തത സഹിക്കാനാകാതെ അടുത്തുള്ള കോഫീ ഷോപ്പിലും മറ്റും ഇവർ പോയി ഇരിക്കുമെങ്കിലും അധികം വൈകാതെ ഏകാന്തതയിലേക്ക് ഇവർ വീണ്ടും കൂപ്പുകുത്തും.

ആൾക്കാർക്ക് പരസ്പരം ഇടപെടാൻ സ്ഥലങ്ങൾ ഇല്ലാത്തതാണ് ഏകാന്തതയ്ക്കുള്ള പ്രധാന കാരണമായി മിംസ് പറയുന്നത്. ഇന്ത്യയിലേത് പോലെ ചായക്കടകളും മറ്റും ബ്രിട്ടനിൽ പ്രചാരത്തിലില്ല. മാത്രമല്ല തെരേസ മേയ് സർക്കാർ കഴിഞ്ഞ വർഷം ബ്രിട്ടനിലെ വായനശാലകൾക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ചിരുന്നു. ഇത്, സാമൂഹ്യ ഇടങ്ങളായ വായശാലകളിലേക്കുള്ള ആൾക്കാരുടെ വരവ് കുറയ്ക്കുന്നതിലേക്കാണ് നയിച്ചത്. ഇതും രാജ്യത്തെ ഏകാന്തത മൂലമുള്ള ദുരിതത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ആൾക്കാർക്കിടയിൽ കുശലാന്വേഷണം നടത്തുന്നതും ഒരു ഹായ് പറയുന്നത് പോലും ഏകാന്തതയിൽ നിന്നും അവരെ രക്ഷിക്കുമെന്നാണ് മിംസ് പറയുന്നത്. അതുകൊണ്ട്, ഇതിന് അവസരം നൽകുന്ന ഇടങ്ങൾ രാജ്യത്ത് സൃഷ്ടിക്കാനും ജനങ്ങൾക്കിടയിൽ സഹകരണവും ആശയവിനിമയവും വർദ്ധിപ്പിക്കുന്ന നയങ്ങൾക്ക് രൂപം നൽകാനാണ് മിംസ് ഡേവീസ് ശ്രമിക്കുന്നത്. തന്റെ പദ്ധതികൾ വിജയിക്കും എന്ന പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ് ഈ വനിതാ മന്ത്രി.