ലോകത്ത് എവിടെയും കാവുകളുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലും വ്യാപകമായി അവ കാണുന്നുണ്ട്. അതൊക്കെ അതത് പ്രദേശത്തെ പരിസ്ഥിതിയുടെ നിലനില്പിന്റെ ഭാഗംതന്നെയാണ്. അതികഠിനമായ ചൂട് അനുഭവപ്പെടുമ്പോൾ പാതയരികിലെ തണൽമരത്തിന്റെ താഴെ നാം അഭയം പ്രാപിക്കാറുണ്ട്. കഠിനമായ ചൂടിൽനിന്ന് രക്ഷനേടാൻ കാവുകളും തണൽമരങ്ങളും തന്നെവേണം. അതിൽനിന്ന് വളർന്ന് താഴേക്ക് പതിച്ചുകിടക്കുന്ന വള്ളികൾ ശരിക്കും മനുഷ്യർക്കും പക്ഷികൾക്കും ആകാശത്തും ഭൂമിയിലും ജീവിക്കുന്ന മറ്റുജീവികൾക്കും ഒരുപോലെ സംരക്ഷണം നൽകുന്നു. അങ്ങനെ പച്ചപുതച്ച് നിൽക്കുന്ന ഒട്ടനവധി കാവുകൾ കേരളത്തിൽ ഉണ്ട് കുയിലിന്റെ മണിനാദവും കൂമന്റെ മൂളലും കിളിയുടെ കൊഞ്ചലും ചീവിടുകളുടെ നിലയ്ക്കാത്ത വിളികളും നാഗത്താന്മാരുടെ കാവലും പാറിപ്പാറി നടക്കുന്ന തുമ്പികളും ചിത്രശലഭങ്ങളും ഒക്കെ എങ്ങനെയാണ് നമുക്ക് മറക്കാൻ കഴിയുക?
കാവുകൾ അഭയകേന്ദ്രങ്ങൾ
പ്രകൃതിയിൽ കാണുന്ന സകല ജീവികൾക്കും (മനുഷ്യൻ ഉൾപ്പെടെ) അഭയകേന്ദ്രം തന്നെയാണ് കാവുകൾ. അതാത് പ്രദേശത്തെ ആൾക്കാരുടെ ജീവിതവുമായും ആരോഗ്യപരമായും, മാനസികപരമായും ഒക്കെ ബന്ധപ്പെട്ട് കിടക്കുന്നു. ആർക്കും ഭൂമിയിൽ പരസ്പരം ആശ്രയിക്കാതെ മുന്നോട്ട് ജീവിക്കാൻ കഴിയുകയില്ലെന്ന സത്യം തിരിച്ചറിയുകയും അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്ത് കഴിഞ്ഞിരിക്കുന്നു. പ്രകൃതിയിൽ നടമാടിക്കൊണ്ടിരിക്കുന്ന പല അവസ്ഥകളിലൂടെയും മാറ്റങ്ങളിലൂടെയും പുതിയ തരം അറിവുകളും അനുഭവങ്ങളും ഒക്കെ ആകുന്നു. പക്ഷികളും ഉരഗങ്ങളും മരങ്ങളും ചെറുസസ്യങ്ങളും എല്ലാം നിറഞ്ഞതാണ് പ്രകൃതി. അത് മനസിലാക്കി മാത്രമേ മുന്നോട്ടുപോകാനാകൂ. പഴയ കാലഘട്ടങ്ങളിൽ തന്നെ വനപൂജകൾ നടന്നിരുന്നു. ഭൂമിയിലെ സകല ജീവികൾക്കും അഭയകേന്ദ്രം തന്നെയാണ് നമ്മുടെ കാവുകൾ എന്ന് ആവർത്തിച്ച് പറയാം. നമ്മുടെ ഈ കാലഘട്ടത്തിലും കാവുകൾ സംരക്ഷിച്ച് പോരുന്ന ഗ്രാമവൃദ്ധന്മാരും മുത്തശ്ശിമാരും ചിലയിടങ്ങളിൽ കാണാം. ഏറക്കുറേ കാവുകൾ വികസനത്തിന്റെ പേരുപറഞ്ഞ് വെട്ടിനിരത്തി. അവശേഷിക്കുന്നവയെങ്കിലും നിലനിറുത്തി പോരേണ്ടതാണ്. ആ ദൗത്യം പുതുതലമുറ ഏറ്റെടുക്കണം.
പലതരം കാവുകൾ
കേരളത്തിലെ പല പ്രദേശങ്ങളിലും കാവുകൾകണ്ടുവരുന്നു. അതൊക്കെ അതിന്റേതായ ആചാരാനുഷ്ഠാനത്തോടെയും ഭയഭക്തിയോടെയും ഇന്നും കാത്തൂസൂക്ഷിച്ചുപോരുന്നു. എന്നാൽ ചിലതൊക്കെ പഴയകാലത്തെ പോലെ തലയുയർത്തി നില്ക്കുമ്പോൾ മറ്റു ചില പ്രദേശങ്ങളിൽ പൂർണമായും നശിച്ച് പോയ അവസ്ഥയാണ്. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ പലതരത്തിലുള്ള കാവുകൾ കാണപ്പെടുന്നു. ആ കാവുകളിലെ ആരാധനാരീതികളിൽ ചിലതൊക്കെ വ്യത്യസ്തത തോന്നുന്ന തരത്തിലാണ്. അങ്ങനെ കാവുകളെക്കുറിച്ച് പറയുമ്പോൾ തന്നെ പലതരമുണ്ട്. കാളികാവുകൾ, നാഗകാവുകൾ, അയ്യപ്പൻ കാവുകൾ, യക്ഷിക്കാവുകൾ, യോഗീശ്വരൻ കാവുകൾ എന്നിങ്ങനെയാണ്. ഇവയെല്ലാം നമുക്ക് കാട്ടിത്തരുന്നത് പ്രകൃത്യാരാധനയുടെ സൂചനകളാണ്. കേരളത്തിലെയും പുറത്തെയും കാവുകളുടെ ചില പ്രത്യേകതകളെയും അതിന്റെ മഹത്വത്തെ പറ്റിയും ആഴത്തെപ്പറ്റിയും അറിയണം. ആദ്യകാലം മുതലേ ആരാധനയുടെ ഭാഗമായിട്ട് രൂപംകൊണ്ടതാണ് കാവുകൾ. നമ്മൾ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ഒട്ടേറെ അനുഭവങ്ങളും അറിവുകളും അതിലേക്ക് വിരൽചൂണ്ടുന്നവയാണ്. കാവുകളുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും അറിഞ്ഞ ചില യാഥാർത്ഥ്യങ്ങളെയാണ് പുതുതലമുറക്കായി കാട്ടിത്തരുന്നത്.
അയ്യപ്പൻ കാവുകൾ
പഴയ കാലഘട്ടങ്ങളിൽ തന്നെ അയ്യപ്പൻ കാവുകൾക്ക് അതിന്റേതായ പ്രാധാന്യം കല്പിച്ചും ആരാധിച്ചും പോന്നിരുന്നു. കേരളത്തിനകത്തും തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലും അയ്യപ്പൻകാവുകൾ ഉണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും ആരാധനാരീതികളും അനുഷ്ഠാനങ്ങളും ഒക്കെ സമാനരീതിയിൽ തന്നെയാണ് എന്ന് അനുമാനിക്കാം.
കാളികാവുകൾ
ഏറെ പ്രത്യേകതകളും അതിന്റേതായ പ്രാധാന്യമർഹിക്കുന്നവയുമാണ് കാളികാവുകൾ. ഇത്തരം കാവുകളുടെ ആരംഭമെന്ന് വിശേഷിപ്പിച്ച് കാണുന്നത് ആദിമദ്രാവിഡരുടെ കാലം മുതൽക്കാണ്. ചിമ്പസമുദായക്കാരുടെ, പാണൻ, പറയൻ, മണ്ണാൻ എന്നീ വിഭാഗക്കാരുടെ ആരാധനാമൂർത്തിയാ ണ് കാളി. അവർക്ക് അത്രയ്ക്കുമേൽ ഭക്തിയും ആരാധനയും സമ്പന്നമാണെന്ന് തീർത്ത് പറയാം. ആദ്യകാലങ്ങളിൽ കാളി ആരാധന നടത്തിയിരുന്നതായി ചില രേഖപ്പെടുത്തലുകളിൽ കാണുന്നു.
യക്ഷിക്കാവുകൾ
മറ്റ് കാവുകളിൽ നിന്ന് വേറിട്ടൊരു രീതിയാണ് ഇത്തരം കാവുകൾക്കുള്ളത്. പ്രാചീനകാലം മുതലേ യക്ഷിക്കഥകളും അതിനോടനുബന്ധിച്ച് ഭയം തോന്നിപ്പിക്കുന്ന അനുഭവങ്ങളും ഒക്കെ ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇന്നും കഥകളിലും, ചലച്ചിത്രങ്ങളിലുമെല്ലാം യക്ഷികഥകൾക്ക് സ്ഥാനമുണ്ട്. പഴമയിലും പുതുമയിലും ഒരുപോലെ എല്ലാപേരും വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
കാവുകളും പക്ഷികളും
വന്യജീവികളും പറവകളും ഒക്കെ തിരികെ രാത്രികാലങ്ങളിലെത്തുന്ന കാഴ്ചകൾ, അവയുടെ ശബ്ദങ്ങൾ, കൊഞ്ചലുകൾ, അലറലുകൾ എല്ലാം എല്ലാം നമുക്ക് മറക്കാൻ കഴിയുകയില്ല. പല തരത്തിലുള്ള പക്ഷികൾ നമ്മുടെ വനത്തിലുണ്ട്. അതുപോലെ തന്നെ നാട്ടിൻപുറങ്ങളിലെ നെൽപ്പാടങ്ങളിലും കണ്ടുവരുന്ന പലതരം കിളികൾ, ഓണക്കാലത്ത് എത്തുന്ന മഞ്ഞക്കിളികൾ, മൈനകൾ, പല തരത്തിലുള്ള തത്തകൾ, കാട്ട് താറാവുകൾ, കടൽകാക്കകൾ, പ്രാവുകൾ, സാധാരണ കാക്കകൾ, കുരുവികൾ, മണിനാദം പൊഴിക്കുന്ന കുയിലുകൾ, അങ്ങനെ എത്ര സംഗീതസാന്ദ്രമാണ് നമ്മുടെ കാടുകളും കാവുകളും.
പ്രസിദ്ധമായ കാവുകൾ
ഭൂപ്രകൃതിയുടെ ഭാഗമായും ആരാധനയുടെ ഭാഗമായും പ്രശസ്തമായ നിരവധി കാവുകളും കുളങ്ങളും കേരളത്തിലുണ്ട്.
1. അനന്തൻകാട്
തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടത്
2. വെട്ടിക്കോട്
മദ്ധ്യകേരളത്തിലെ പ്രസിദ്ധമായ സർപ്പക്കാവാണ്. നാഗാരാധനയ്ക്ക് കേൾവികേട്ട ക്ഷേത്രം.
3. മണ്ണാറശ്ശാല
കേരളത്തിലെ കാവുകളുടെ മുതുമുത്തശ്ശിയാണ് മണ്ണാറശ്ശാല. പ്രസിദ്ധമായ നാഗാരാധന കേന്ദ്രം. മണ്ണാറശ്ശാല ആയില്യം പുകൾപെറ്റത്.
4. ഇരുങ്കുളങ്ങര, തൊഴുവൻകോട്
തിരുവനന്തപുരത്തെ തൊഴുവൻകോട് ഇരുങ്കുളങ്ങര ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഹരിതാഭമായ കാവുകൾ കാണാം. ഇതുപോലെ കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും ഭാഗമായി കാവുകൾ നിലനിൽക്കുന്നുണ്ട്.
5. വള്ളിയൂർക്കാവ്
വയനാട്ടിലെ പ്രസിദ്ധമായ വള്ളിയൂർക്കാവ് കാവുകളുടെയും വനഭംഗിയുടെ പ്രതീകമാണ്.
6. തിരുനെല്ലി
വനമദ്ധ്യത്തിൽ കാവുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പോലെയാണ് പുരാതനമായ തിരുനെല്ലി ക്ഷേത്രം. ഇവിടത്തെ പാപനാശിനി പിതൃകർമ്മങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്.
അപൂർവ സസ്യങ്ങളുടെ കലവറ
കാവുകൾ അത്യപൂർവ സസ്യങ്ങളുടെയും വള്ളികളുടെയും മരങ്ങളുടെയും കലവറയാണ്. പൊൻ കൊരണ്ടി, കുടൽ ചുരുക്കി കാഞ്ഞിരം, വട്ടതിനാൽ വള്ളി, കാട്ടുകാരവെട്ട്, ചാര്, കാട്ടുതെറ്റി, പനച്ചി, വയല, മുഞ്ഞ, ചൊറിയണം, പഞ്ചാരമരം, നെല്ലി, തൊണ്ടി, നാഗലിംഗമരം, അരളി, അത്തി താന്നി, രുദ്രാക്ഷം എന്നിവ അതിൽപ്പെടുന്നു.
സാഹിത്യ സാംസ്കാരിക കേന്ദ്രങ്ങൾ
സർപ്പക്കാവുകളും അല്ലാത്ത കാടുകളുമായി ബന്ധപ്പെട്ട് നിരവധി സാഹിത്യ - സാംസ്കാരിക രൂപങ്ങൾ ഉടലെടുത്തിട്ടുണ്ട്. കളരിത്തറകൾ, കളമെഴുത്ത്, വെളിച്ചപ്പാട് തുള്ളത്, പുള്ളുവൻ പാട്ട് എന്നിവ അതിൽ ചിലതുമാത്രം. കളരിപ്പയറ്റിന്റെ വളർച്ചയ്ക്കും കാവുകൾ നൽകിയ സംഭാവന വിലപ്പെട്ടത്.
തെയ്യം തിറയാട്ട്
കാവുകളുമായി ബന്ധപ്പെട്ട് അനുഷ്ഠിച്ചുപോരുന്ന കലാരൂപമാണ് തെയ്യം തിറയാട്ട്. ദേവീ ദേവന്മാർ, നാഗങ്ങൾ, യക്ഷഗന്ധർവന്മാർ, മൺമറഞ്ഞ വീരശൂരന്മാർ, ഭൂതങ്ങൾ എന്നിവരുടെ പ്രതീകങ്ങളെ കമനീയമായി അലങ്കരിച്ച് കെട്ടിയാടുന്നു. മണ്ണപ്പൻ, കുട്ടിച്ചാത്തൻ, കുട്ടിവീരൻ, ശാസ്തപ്പൻ, കതിവന്നൂർ വീരൻ, ചാമുണ്ഡി എന്നിവയൊക്കെ പ്രശസ്തമായ തെയ്യങ്ങളുടെ ഗണത്തിൽപ്പെടുന്നു.