സാധാരണക്കാരുടെ ചെറിയ ബുദ്ധിമുട്ടുകളും സന്തോഷവും പ്രമേയമാക്കുന്ന സിനിമകൾ മലയാളി സിനിമാ പ്രേക്ഷകർക്ക്ഏറെ ഇഷ്ടമാണ്. അങ്ങനെയുള്ള കഥകൾ ഇടത്തരക്കാർ ഭൂരിപക്ഷം വരുന്ന മലയാളി സമൂഹത്തിന്റെ മനസിനോട് അടുത്ത് നിൽക്കും. ബിജു മേനോൻ നായകനായി ജി. പ്രജിത്ത് സംവിധാനം ചെയ്ത 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' മേസ്തിരി പണി ചെയുന്നവരുടെ ജീവിതം പറയുന്ന സിനിമയാണ്. ഇത്തരക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവവികാസങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.
മേസ്തിരിയായ സുനിക്ക് ഏതൊരു ഇടത്തരക്കാരനെയും പോലെ കുടുംബം പോറ്റാൻ ദിവസേന കഷ്ടപ്പെടണം. പണി ചെയ്ത് കിട്ടുന്ന കാശ് നേരെ ചൊവ്വെ ചിലവാക്കിയാൽ ആരെയും ബുദ്ധിമുട്ടിക്കാതെ ദൈനംദിന ചെലവുകൾ നടക്കും. എന്നാൽ കള്ളുകുടി മുതലായ ധൂർത്തുകൾ ഇതിനൊരു തടസമാണ്. നല്ലൊരു ജീവിതസാഹചര്യത്തിൽ നിന്ന് സുനിയുടെ കൂടെ ഇറങ്ങി ചെന്ന ഭാര്യക്ക് ഇതോർത്ത് പരിതപിക്കാനേ നേരമുള്ളൂ. മദ്യപാനികളായ സഹപ്രവർത്തകരടങ്ങിയ ഒരു കൂട്ടം സുഹൃത്തുക്കളും സുനിക്കുണ്ട്. ഇവരുടെ ജീവിതവും അതിനിടയിലെ സന്തോഷവും സ്വപ്നങ്ങളും പറഞ്ഞ് തുടങ്ങിയ ചിത്രം ആദ്യ പകുതിയിൽ എടുത്ത് പറയത്തക്ക സംഭവവികാസങ്ങൾ ഒന്നുമില്ലാതെ മെല്ലെപോക്കാണ്. മദ്യപാനം ഒരു മരണ നടന്നയിടത്ത് പോലും ഒഴിവാക്കാനാകാത്ത ലഹരിയായി മാറുമെന്ന് തമാശരൂപേണ കാണിച്ചുപോകുന്നുണ്ട് ചിത്രത്തിൽ.
ആദ്യ പകുതിയുടെ അവസാനത്തോടെ നടക്കുന്ന ഒരു വാഹനാപകടം സുനിയുടെ സുഹൃത്തുക്കളുടെയും ജീവിതത്തെ ബാധിക്കുന്നു. ഒന്നുകിൽ അവരുടെ കഷ്ടതകൾക്ക് ഒക്കെ അറുതി വരുത്താൻ പോന്നതാകാം ഈ അപകടം. അല്ലെങ്കിൽ അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റു സംഭവങ്ങൾ എല്ലാവരുടെയും ജീവിതം നശിപ്പിച്ചേക്കാം. ഒരപകടത്തിൽ എങ്ങനെ രാഷ്ട്രീയമുണ്ടാകുന്നുവെന്നും ചിത്രത്തിൽ കാണിക്കുന്നുണ്ട്.
പ്രേക്ഷകനെഏറെ ചിരിപ്പിക്കാനോ ത്രില്ലടിപ്പിക്കാനോ ചിന്തിപ്പിക്കാനോ ഈ ചിത്രത്തിന് കഴിയില്ല. വളരെ ലളിതമായ ഒരു സിനിമയാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'. കുടുംബ ചിത്രങ്ങളും അതിൽ രസികനായെത്തുന്ന ബിജു മേനോനും ഹിറ്റ് കോമ്പിനേഷനാണ്. സമീപകാലത്തായി ഇത്തരത്തിൽ പ്രേക്ഷകപ്രീതി നേടിയ ഒട്ടനവധി ബിജു മേനോൻ കഥാപാത്രങ്ങളും സിനിമകളുമുണ്ട്. അത്തരമൊരു കഥാപാത്രമല്ല സുനി. വലിയ പ്രതിക്ഷികളില്ലാതെ പോയാൽ കണ്ടിരിക്കാവുന്നകൊച്ചു ചിത്രമാണിത്.
ബിജു മേനോൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ തന്മയത്വത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അലെൻസിയർ, സുധി കോപ്പ, ദിനേഷ് നായർ തുടങ്ങിയവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. മലയാളികളുടെ പ്രിയനായിക സംവൃത സുനിലിന്റെ ഏറെ വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവാണ് ഈ ചിത്രം. കഥയിൽ വലിയ പ്രാധാന്യമില്ലെങ്കിലും ഒരു വീട്ടമ്മയായി സംവൃത തിളങ്ങിയിട്ടുണ്ട്.
സിനിമാനിരൂപകരും പ്രേക്ഷരും ഒരുപോലെ ഏറ്റെടുത്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാര നിറവിലെത്തിയ സജീവ പാഴൂരാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കഥാപാത്ര സൃഷ്ടിയിലെ അദ്ദേഹത്തിന്റെ റിയലിസ്റ്റിക് സമീപനം ഈ സിനിമയിലും കാണാവുന്നതാണ്.
ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ബിജിപാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഷെഹ്നാദ് ജലാലിന്റെ കാമറ ചിത്രത്തിന്റെ പശ്ചാത്തലത്തിന് അനുയോജ്യമാണ്.
'ഒരു വടക്കൻ സെൽഫി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവട് വെച്ചതാണ് ജി. പ്രജിത്ത്. ഈ ചിത്രം പിന്നീട് തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോഴും പ്രജിത്ത് തന്നെ സംവിധാനം നിർവ്വഹിച്ചു. അദ്ദേഹത്തിന്റെ രണ്ടാം മലയാള ചിത്രമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'. ആദ്യ സിനിമയെ പോലെ ഭൂരിപക്ഷം പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞേക്കില്ലായെങ്കിലും രണ്ടാം വരവ് മോശമാക്കിയില്ല.
വാൽക്കഷണം: സത്യം പറഞ്ഞാൽ എല്ലാവരും വിശ്വസിക്കില്ല
റേറ്റിംഗ്: 2.5/5