cpm-

ചെർപ്പുളശേരി: 18 വർഷത്തെ സി.പി.എം ബന്ധം ഉപേക്ഷിച്ച് യുവനേതാവ് മുസ്ലിം ലീഗിലേക്ക്. സി.പി.എം ആലിയക്കുളം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖല വൈസ് പ്രസിഡന്റുമായ ഷഹനാസ് ബാബുവാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും വർഗ ബഹുജന സംഘടനകളിൽ നിന്നും രാജി വച്ച് ലീഗിൽ ചേർന്നത്.

പാർട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടികളിലും അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഷഹനാസ് ബാബു പറഞ്ഞു. പാർട്ടിയെ ഒരു കച്ചവട സ്ഥാപനമാക്കി ഉപയോഗിക്കുകയാണെന്നും വ്യക്തിരാഷ്ട്രീയ മൂല്യം ബലികഴിച്ച് മുന്നോട്ടു പോകുകയാണ്. 2015ലെ നഗരസഭ തിരഞ്ഞെടുപ്പിൽ തന്റെ ബ്രാഞ്ച് പരിധിയിലുള്ള രണ്ടുവാർഡുകളിലും സ്ഥാനാർത്ഥി നിർണയം പോലും അറിയിച്ചില്ല. ഉൾപ്പാർട്ടി ജനാധിപത്യത്തെ കാറ്റിൽ പറത്തി നേതൃത്വം സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാർത്ഥികളെ നിറുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലീഗിന്റെയും യു.ഡി.എഫിന്റെയും പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.