lottery-

മൂന്നാർ : കേവലം മുപ്പത് രൂപയുടെ ടിക്കറ്റ് ഒന്നിച്ച് പങ്കിട്ട് എടുക്കാൻ ഹരികൃഷ്ണനും സാബുവും ചേർന്ന് തീരുമാനിച്ചത് ഒറ്റയ്ക്ക് ഒറ്റയ്ക്ക് വാങ്ങാൻ കാശില്ലാഞ്ഞിട്ടല്ല സൗഹൃദത്തിന്റെ വിശ്വാസമാണ് അവരെ കൊണ്ട് അത് ചെയ്യിച്ചത്. മൂന്നാർ ന്യൂ കോളനി സ്വദേശി ആർ. ഹരികൃഷ്ണനും അയൽവാസിയും സുഹൃത്തുമായ സാബുവും ചേർന്നാണ് കേരളസർക്കാരിന്റെ വിൻ വിൻ ലോട്ടറി കഴിഞ്ഞ തിങ്കളാഴ്ചയെടുത്തത്. ടിക്കറ്റ് ഹരികൃഷ്ണനായിരുന്നു സൂക്ഷിച്ചിരുന്നത്.

ഇവരുടെ സൗഹൃദത്തിന്റെ ശക്തി പരീക്ഷിക്കിക്കാൻ ഭാഗ്യദേവത ഒന്നാം സമ്മാനം നൽകി പരീക്ഷിക്കുകയും ചെയ്തു. ഒന്നാം സമ്മാനം അടിച്ചതറിഞ്ഞതോടെ കൂട്ടുകാരിരുവരും പഞ്ചായത്ത് മെമ്പറിനേയും കൂട്ടി ടിക്കറ്റ് ഏൽപ്പിക്കുവാനായി ബാങ്കിലെത്തി എന്നാൽ രണ്ട് പേർ ചേർന്നെടുത്തതിനാൽ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്ന് പറഞ്ഞ ബാങ്ക് അധികാരികൾ രേഖകളുമായി പിറ്റേന്ന് എത്താൻ ആവശ്യപ്പെടുകയായിരുന്നു. ബാങ്കിൽ നിന്നും മടങ്ങുമ്പോൾ ഹരികൃഷ്ണന്റെ കൈയ്യിൽ നിന്നും ടിക്കറ്റ് സാബു വാങ്ങി സൂക്ഷിച്ചു. പിറ്റേ ദിവസം ബാങ്കിലേക്കെത്താൻ സാബുവിനെ ഹരികൃഷ്ണൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു, തിരക്കി വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലും. അറുപത്തിയഞ്ച് ലക്ഷത്തിന് മുന്നിൽ സൗഹൃദം അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെ സമീപിച്ച് ഹരികൃഷ്ണൻ സുഹൃത്തിന്റെ പേരിൽ വഞ്ചനയ്ക്ക് ഡിവൈഎസ്പിക്ക് കേസ് നൽകി. മൂന്നാറിൽ ജോലി തേടി എത്തിയയാളാണ് സാബു. മേസ്തിരി പണിചെയ്തിരുന്ന ഇയാളുടെ വിലാസം ഹരികൃഷ്ണന് അറിയുകയും ഇല്ല.