air-canada

ഹോനോലുലു: വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 37 പേർക്ക് പരിക്കേറ്റു. വാൻകോവറിൽ നിന്ന് സിഡ്‌നിയിലേക്ക് പോവുകയായിരുന്ന എയർ കാനഡ വിമാനമാണ് വ്യാഴാഴ്ച ആകാശച്ചുഴിയിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

അപകടത്തിൽപ്പെട്ടവരിൽ മിക്കവർക്കും വിമാനത്തിന്റെ സീലിംഗിൽ തല ഇടിച്ചാണ് പരിക്കേറ്റത്. ഇവരിൽ ഒമ്പതുപേരുടെ പരിക്ക് ഗുരുതരമാണ്. 36000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് എയർകാനഡയുടെ ബോയിംഗ് 777-200 വിമാനം ആകാശച്ചുഴിയിൽ കുടുങ്ങിയത്. 269 യാത്രക്കാരും 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതോടെ വലിയ കുലുക്കം സംഭവിച്ചെന്നും യാത്രക്കാരിൽ മിക്കവരും സീറ്റിൽ നിന്ന് ഉയർന്ന് സീലിംഗിലേക്ക് തലയിടിച്ചെന്നും യാത്രക്കാരിലൊരാൾ മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു.

അതേസമയം,​ സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മിക്കവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് മറ്റൊരു യാത്രക്കാരന്റെ പ്രതികരണം. ആകാശച്ചുഴിയുടെ ആഘാതത്തിൽ യാത്രക്കാർ ഉയർന്നുപൊങ്ങുകയും തല സീലിംഗിൽ ഇടിക്കുകയുമായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി ഹോനോലുലു വിമാനത്താവളത്തിലിറക്കി പരിക്കേറ്റവർക്കെല്ലാം ചികിത്സ നൽകി.