telangana-revenue-officer

ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റഡ്ഢി ജില്ലയിലെ കേഷ്മപേട്ട് തഹസിൽദാരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത തുക കണ്ട് ആന്റി കറപ്ഷൻ ബ്യൂറോ ഞെട്ടി. തഹസിൽദാർ ലാവണ്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 93.5ലക്ഷം രൂപയും 400 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ഇത്രയധികം പണവും സ്വർണവും കണ്ടെടുക്കുമെന്ന് ഉദ്യോഗസ്ഥർ കരുതിയില്ല. ഹൈദരാബാദിലെ ഹയാത്ത് നഗറിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ഭൂമി സംബന്ധമായ രേഖകൾ തയാറാക്കി നൽകുന്നതിന് ഇവർ ഒരു കർഷകനോട് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. തഹസീൽദാറും വില്ലേജ് റവന്യൂ ഓഫീസറും കർഷകനോട് 8 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. കർഷകനിൽ നിന്നും നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് റവന്യൂ ഓഫീസറെ അറസ്റ്റ് ചെയ്‌തു. തുടർന്നാണ് തഹസിൽദാറുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.

അതേസമയം ഒരാൾ തഹസിൽദാറുടെ കാലിൽ വീണ് സഹായമഭ്യർത്ഥിക്കുന്ന ഒരു വീഡിയോ വൈറലായി. തസഹിൽദാർക്കും വില്ലേജ് റവന്യൂ ഓഫീസർക്കുമെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കർഷകനാണിതെന്ന് വ്യക്തമായി. ഭൂമി സംബന്ധമായി രേഖകളിലെ തെറ്റ് തിരുത്തണമെങ്കിൽ ആദ്യം 8 ലക്ഷം രൂപ നൽകണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടതായി കർഷകൻ ആന്റി കറപ്ഷൻ ബ്യൂറോ‌യ്‌ക്ക് മൊഴി നൽകി.

രണ്ടു വർഷം മുമ്പ് ഏറ്റവും മികച്ച തഹസിൽദാർക്കുള്ള തെലങ്കാന സർക്കാരിന്റെ അവാർഡ് ലാവണ്യ കരസ്ഥമാക്കിയിരുന്നു. ഇവരുടെ ഭർത്താവ് ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥനാണ് .