തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സർക്കാർ തള്ളി. ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയിൽ വൻ കുറവ് വരുത്തിയാണ് തോമസ് ചാണ്ടിക്ക് അനുകൂല നിലപാടുമായി സർക്കാർ വീണ്ടും രംഗത്തെത്തിയത്. അഡിഷണൽ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പിഴ വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദേശത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ലേക് പാലസിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭ ചുമത്തിയിരുന്ന പിഴ തുക 34 ലക്ഷമാക്കി കുറയ്ക്കാനാണ് സർക്കാർ നിർദേശം നൽകിയത്. ആലപ്പുഴ നഗരസഭ 1 കോടി 17 ലക്ഷം രൂപയായിരുന്നു പിഴയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്നും പിഴത്തുക വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം.
നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നഗരസഭ കൗൺസിൽ നിലപാടെടുത്തു. സർക്കാർ തീരുമാനത്തിന് അനുകൂലമായ നിലപാട് ആയിരുന്നു നഗരസഭ സെക്രട്ടറി സ്വീകരിച്ചത്. സെക്രട്ടറിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇപ്പോൾ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.