trump

വാഷിംഗ്ടൺ: ആറടി മൂന്നിഞ്ച് പൊക്കം, 110 കിലോ ഭാരം. ബി.പിയും ഷുഗറുമൊക്കെ കൺട്രോൾഡ്... അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോഗ്യകാര്യത്തിലും സൂപ്പറാണ്. ഫാസ്റ്റ്ഫുഡിന്റെയും സോഫ്ട് ഡ്രിങ്കുകളുടെയും വലിയ ഫാനായ ട്രംപിന്റെ ആരോഗ്യം പെർഫെക്ട്. അതിനുപിന്നിൽ പേഴ്സണൽ ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും മിടുക്ക് കൂടിയുണ്ട്. മദ്യപിക്കാത്തതും ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കാൻ ട്രംപിനെ സഹായിക്കുന്നുണ്ടത്രേ. കൈയിൽ കിട്ടുന്നതെന്തും തിന്നുന്നതായിരുന്നു ട്രംപിന്റെ ശീലം. എന്നാൽ പ്രസിഡന്റായതോടെ അതൊക്കെ മാറ്റി.

പ്രഭാതഭക്ഷണം

രാവിലെ ഭക്ഷണം കഴിക്കണമെന്ന് ഒരു നിർബന്ധവുമില്ല. കഴിവതും ഒഴിവാക്കാൻ ശ്രമിക്കും. ആവശ്യമെങ്കിൽ മുട്ടയും പഴങ്ങളുമൊക്കെ കഴിക്കും. പക്ഷേ, ചായയോ കാപ്പിയോ ഇല്ലേയില്ല.

ഉച്ചഭക്ഷണം

ഏറ്റവും പ്രധാനം ഉച്ചഭക്ഷണമാണ്. നന്നായി കഴിക്കും. പ്രഭാതദക്ഷണം ഒഴിവാക്കുന്ന ദിവസം ഉണക്കിയ പന്നിയിറച്ചി മസ്റ്റ്. പക്ഷേ വലിച്ചുവാരി കഴിക്കില്ല. സ്‌പെഷ്യൽ ഇറച്ചിവിഭവങ്ങളും സാൻവിച്ചും ഗോതമ്പ് റൊട്ടിയും മുട്ടയുമാണ് ഉച്ചഭക്ഷണത്തിൽ മിക്കപ്പോഴും ഇടംപിടിക്കുക. ഡയറ്റീഷ്യൻ ഇടപെട്ടതോടെ പഴങ്ങളും പഴച്ചാറുകളും മെനുവിൽ ഉൾപ്പെടുത്തി. മീൻവിഭവങ്ങളോട് വലിയ താത്പര്യമില്ല.

അത്താഴം

രാത്രിയിൽ കഴിവതും കുറച്ചുമാത്രം കഴിക്കുന്നതാണ് ശീലം. അതിന് പ്രത്യേക നിഷ്ഠയൊന്നുമില്ല.

കൊക്കക്കോള കമ്പനിയുടെ ഡയറ്റ് കോക്ക് എന്ന സോഫ്ട് ഡ്രിങ്കിനോട് ട്രംപിന് വല്ലാത്ത പ്രേമമാണ്. ഒരുദിവസം പന്ത്രണ്ട് കാൻവരെ കുടിക്കും. ഇതിനൊപ്പം പൊട്ടറ്റോ ചിപ്സും കൂടി ഉണ്ടെങ്കിൽ കുശാലായി.പക്ഷേ, മദ്യം കൈകൊണ്ട് തൊടില്ല. കടുത്ത മദ്യപാനത്തെത്തുടർന്ന് ബന്ധുവിനുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കണ്ടതോടെയാണ് കുടി നിറുത്തിയത്. ഉറക്കത്തിന്റെയും വ്യായാമത്തിന്റെയും കാര്യത്തിലും ട്രംപ് ഇത്തിരി പിന്നിലാണ്.