തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മൂന്നാം വർഷ ബി.എ വിദ്യാർത്ഥിയായ അഖിലിനാണ് കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോളേജിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
ക്യാന്റീനിൽ പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാർത്ഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥിയെ ആക്രമിച്ചതിന് പിന്നിൽ ക്യാമ്പസിലെ എസ്.എഫ്.ഐക്കാരാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. കുത്തേറ്റ വിദ്യാർത്ഥി അഖിൽ എസ്.എഫ്.ഐ പ്രവർത്തകൻ തന്നെയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. അഖിലിന്റെ ശരീരത്തിൽ രണ്ട് കുത്തുകളാണുള്ളത്. നിലവിൽ കോളേജിലെ വിദ്യാർത്ഥികൾ എസ്.എഫ്.ഐക്കാർക്കെതിരെ പ്രതിഷേധിക്കുകയാണ്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ എസ്.എഫ്.ഐ നേതൃത്വം തടഞ്ഞു. നിലവിൽ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.