kaumudy-news-headlines

1. ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈബ്രാഞ്ച് തയ്യാറാക്കി. പത്തോളം സാക്ഷികളുടെ രഹസ്യമൊഴി എടുക്കാനാണ് തീരുമാനം. ബാലഭാസ്‌കറിനെ ജ്യൂസ് കടയില്‍ കണ്ടവരുടെയും ഒപ്പം അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രണവ്, നന്ദു എന്നിവരുടെയും മൊഴി രേഖപ്പെടുത്തും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം നുണ പരിശോധന നടത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കും എന്നും ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


2. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടില്‍ നിന്ന് നികുതിയും പിഴയും ഈടാക്കണം എന്ന ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തള്ളി വീണ്ടും സര്‍ക്കാര്‍. തദ്ദേശ സെക്രട്ടറി പുതിയ ഉത്തരവിറക്കി. ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് പിഴയും നികുതിയും ഈടാക്കുന്നത് തടയുന്നത് ആണ് പുതിയ ഉത്തരവ്. 1.17 കോടി നികുതി ഈടാക്കിയത് 34 ലക്ഷമായി കുറയ്ക്കാന്‍ നിര്‍ദേശം
3. നേരത്തെ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് ചുമത്തിയ പിഴ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ആലപ്പുഴ നഗരസഭ തള്ളിയിരുന്നു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം വേണം എന്നും നഗരസഭ നിര്‍ദ്ദേശിച്ചിരുന്നു. ചട്ടലംഘനത്തിന് തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നഗരസഭ 2.75 കോടി രൂപയാണ് ചുമത്തിയത്. എന്നാല്‍ ഇതിന് എതിരെ തോമസ് ചാണ്ടിയുടെ കമ്പനി സര്‍ക്കാരിന് അപ്പീല്‍ നല്‍കുകയും സര്‍ക്കാര്‍ പിഴത്തുക 35 ലക്ഷമാക്കി കുറയ്ക്കുകയും ആയിരുന്നു
4. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ് എം.എല്‍.എ. രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനും ആശുപത്രി അധികൃതര്‍ക്കും, മജിസ്‌ട്രേറ്റിനും വീഴ്ച ഉണ്ടായാതായി സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിലെ പാളിച്ചയും അതീവ ഗൗരവമാണ്. സമഗ്ര അന്വേഷണം നടത്താന്‍ ജുഡീഷ്യല്‍ കമ്മിഷന് കഴിയില്ല. അതിനാല്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാലിന് എതിരെയും നടപടി വേണം എന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാനും എം.എല്‍.എ കത്ത് നല്‍കിയിരുന്നു.
5. അതേസമയം കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. രാജ്കുമാറിനെ മര്‍ദ്ദിച്ച മുഴുവന്‍ പൊലീകാരെ കുറിച്ചും കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ സാബുവില്‍ നിന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഒന്‍പത് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് കേസിലെ മറ്റു പ്രതികളായ ശാലിനിയും മഞ്ജുവും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും.
6. രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനത്തിന് തുടക്കം. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നല്‍കി മുംബയിലേക്ക് പോയ വിമത എം.എല്‍.എമാരുടെ അസാന്നിധ്യം സഭയില്‍ സര്‍ക്കാരിന് തിരിച്ചടിയാകും. രാമലിംഗ റെഡ്ഢി ഉള്‍പ്പെടെ ബംഗളുരുവില്‍ തന്നെയുള്ള വിമത എം.എല്‍. എമാര്‍ പങ്കെടുക്കുന്ന കാര്യത്തിലും അനിശ്ചിതത്വം. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരുള്ളപ്പോള്‍ സഭ ചേരുന്നത് ചട്ടവിരുദ്ധമെന്ന് നേരത്തെ ആരോപിച്ചെങ്കിലും ബി.ജെ.പി എം.എല്‍.എമാര്‍ സഭയിലെത്തും. പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്
7. അതേസമയം, ഗോവയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടത്താന്‍ ബിജെപി. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ എം.എല്‍.എമാര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കി മന്ത്രി സഭയില്‍ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയേക്കും. ഇന്നലെ ഡല്‍ഹിയില്‍ അമിത് ഷായുമായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
8. അതിനിടെ, നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരിക്കെ കോണ്‍ഗ്രസ് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത ബി.ജെ.പി നീക്കത്തെ വിമര്‍ശിച്ച് എന്‍.ഡി.എ ഘടകകക്ഷിയായ ഗോവ ഫോര്‍വാര്‍ഡ് രംഗത്തെത്തി. ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ക്ക് എതിരെ കൂറുമാറ്റ നിരോധനത്തിന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നിരീക്ഷകന്‍ ചെല്ല കുമാറും അറിയിച്ചു.
9. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജ രേഖക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി . മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്ത് വിഷ്ണു റോയിയാണ് അറസ്റ്റിലായത് . ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത് . വിഷ്ണുവിനെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
10. നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് രാവിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി, മന്‍കോട്ട സെക്ടറുകളില്‍ ആണ് പാക് സേന ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലിംഗിന് പുറമെ, തോക്കുകള്‍ ഉപയോഗിച്ചും ആണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല
11. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലും ഉണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയെ സമീപിച്ചത്.
12. ഒരിക്കല്‍ പാര്‍ട്ടി അധ്യക്ഷയായ താന്‍ ഇടക്കാലത്തേക്ക് ആണെങ്കിലും ആ സ്ഥാനത്തേക്ക് ഇല്ലെന്ന് സോണിയ അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി. കര്‍ണ്ണാടക ഗോവ പ്രതിസന്ധി രൂക്ഷമായതോടെ അധ്യക്ഷ പദവിയിലേക്കുള്ള ചര്‍ച്ചകളും മുന്നോട്ട് പോകുന്നില്ല.