ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിന് മുന്നോടിയായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ പ്രത്യേക പൂജ നടത്തുന്നതിന്റെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തിയാണ് ഞായറാഴ്ച ചെയർമാൻ പൂജ നടത്തിയത്. ഈ മാസം 15നാണ് ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നത്. എന്നാൽ ചന്ദ്രയാൻ 2 വിക്ഷേപണത്തിന് മുന്നോടിയായി പൂജ നടത്തുന്നത് എന്തിന് വേണ്ടിയാണെന്ന് ചോദിക്കുകയാണ് സന്ദീപാനന്ദ ഗിരി. പൂജാരിയെകൊണ്ട് വിക്ഷേപണത്തിന് മുൻപായി പൂജ നടത്തുന്നത് സാധാരണക്കാരെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പൂജാധികളൊന്നും ഇത്തരം കാര്യങ്ങൾക്ക് ഒന്നും അല്ല, ഹിന്ദുമതത്തിൽ ഒരു ദൈവവും പൂജാധികർമ്മങ്ങൾ കൊണ്ട് തടസം നീക്കുമെന്നും എന്തെങ്കിലും നൽകുമെന്നും പറഞ്ഞിട്ടില്ല. ആത്മസാക്ഷാത്കാരത്തിന് വേണ്ടിയാണ് ഇത്തരം പൂജകൾ അത് ദേശീയ പതാകയെ ഉയർത്തി സല്യൂട്ട് ചെയ്യുന്നത് ദേശത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുവാൻ വേണ്ടിയെന്നത് പോലെയാണ്. അല്ലാതെ ദേശീയ പതാകയെ ബഹുമാനിച്ചാൽ സർക്കാർ ജോലി തരപ്പെടുമെന്ന് കരുതാനാവുമോ എന്നും അദ്ദേഹം ചോദിക്കുന്നു. തോക്ക് ഉപയോഗിച്ച് കൊതുകിനെ കൊല്ലുന്നത് പോലെ സങ്കുചിതമാണ് ഇത്തരം പ്രവർത്തികളെന്നും സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെടുന്നു.