red-86

''എന്താ ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസം വരുന്നില്ലേ?"

പ്രജീഷ്, ചന്ദ്രകലയെ സൂക്ഷിച്ചു നോക്കി.

അവൾ ചിന്തിക്കുകയായിരുന്നു.

പ്രജീഷിന് ഒരിക്കലും മുറിക്കുള്ളിൽ നിന്ന് വാതിലിന്റെ പുറം ഭാഗത്തെ ലോക്കിടുവാൻ കഴിയില്ലല്ലോ...

അപ്പോൾ പ്രജീഷ് പറഞ്ഞത് സത്യമാവും. എങ്കിലും അവൾ പറഞ്ഞിങ്ങനെ:

''നിങ്ങൾ പറഞ്ഞത് സത്യമോ കള്ളമോ എന്നതല്ല ഇവിടുത്തെ പ്രശ്നം. സൂസന്റെ മരണത്തിന് ആര് ഉത്തരം പറയും?"

അതൊരു കുഴയ്ക്കുന്ന പ്രശ്നമാണ്!

താൻ​ മാത്രമല്ല ചന്ദ്രകലയും കുടുങ്ങിയെന്നിരിക്കും.

''എന്നാലും ആരായിരിക്കും ഇത് ചെയ്തത്?"

അയാളുടെ ചിന്തയെ മുറിച്ചുകൊണ്ട് ചന്ദ്രകലയുടെ ചോദ്യമുയർന്നു..

''എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല കലേ... നമ്മൾ ഇത്രയും കാലം സ്വപ്നം കണ്ടതൊക്കെ വെള്ളത്തിൽ വരച്ചതു പോലെ ആകുകയും ചെയ്യും നമ്മൾ ഇരുമ്പഴിക്കുള്ളിൽ അകപ്പെടുകയും ചെയ്യും."

ചന്ദ്രകല അത് അംഗീകരിക്കാൻ കഴിയില്ലെന്ന ഭാവത്തിൽ തലകുടഞ്ഞു.

''നമുക്ക് കിടാവ് സാറിനെ വിളിച്ചു വിവരം പറഞ്ഞാലോ. അദ്ദേഹം എന്തെങ്കിലും ഒരു പോംവഴി നിർദ്ദേശിക്കാതിരിക്കില്ല..."

''എന്തായാലും തൽക്കാലം നമുക്ക് ഈ മുറിയിൽ നിന്നു മാറാം. സൂസന്റെ ശവം കാണുമ്പോൾത്തന്നെ ശരീരം തളരുകയാ." പ്രജീഷിന്റെ ശബ്ദം വിറച്ചു.

ലൈറ്റ് ഓഫു ചെയ്തിട്ട് ഇരുവരും മുറിയിൽ നിന്നിറങ്ങി വാതിൽ ചാരി.

''ആയ രാജമ്മയും ഇവിടെ ഉണ്ടായിപ്പോയി. അല്ലെങ്കിൽ ശവം എവിടെയെങ്കിലും കൊണ്ടു കളയാമായിരുന്നു.."

പ്രജീഷ് പിറുപിറുത്തു.

ചന്ദ്രകല അത് കേട്ടു.

അവൾ പെട്ടെന്നു നിന്നു.

''രാജമ്മയുടെ കാര്യം അവിടെ നിൽക്കട്ടെ. തൽക്കാലം സൂസന്റെ ബോഡി കൊണ്ടു കളയണം."

അമ്പരപ്പിൽ പ്രജീഷ് ചന്ദ്രകലയെ നോക്കി.

അവൾ തീരുമാനിച്ച മട്ടാണ്.

തങ്ങളുടെ മുറിയിലെത്തിയ ഉടൻ, ചന്ദ്രകല, പ്രജീഷിനോട് നിർദ്ദേശിച്ചു.

''പരുന്തിനേം അണലിയേം വിളിക്ക്. ബാക്കിയൊക്കെ ഞാൻ പറയാം."

''അത് വേണോ?" പ്രജീഷിനു സന്ദേഹം.

''വേണം. ഇതല്ലാതെ നമ്മുടെ മുന്നിൽ മറ്റ് പോംവഴികളില്ല."

പ്രജീഷ് പരുന്ത് റഷീദിനു കാൾ അയച്ചു. ആദ്യത്തെ തവണ എടുത്തില്ല.

രണ്ടാം വട്ടം ഫോൺ അറ്റന്റു ചെയ്യപ്പെട്ടു.

''എന്താ പ്രജീഷ് സാറേ?"

ഉറക്കച്ചടവോടെ പരുന്തിന്റെ ശബ്ദം.

''നീ ഉടൻ അണലി അക്ബറെയും കൂട്ടി കോവിലകത്ത് എത്തണം. കാര്യമൊക്കെ അപ്പോൾ പറയാം. ക്വിക്ക്.

''ശരി."

ഫോൺ വച്ചിട്ട് പ്രജീഷ്, ചന്ദ്രകലയെ നോക്കി.

''എങ്ങനെയാ പദ്ധതി? ബോഡി എവിടെ കളയും ?"

''ഞാനൊന്നാലോചിക്കട്ടെ..."

ചന്ദ്രകല ജനാലയ്ക്കരുകിൽ പോയിനിന്നു.

വെള്ളിനൂലുകൾ പോലെ മഴ പെയ്യുന്നതു കണ്ടു.

അര മണിക്കൂർ.

പരുന്ത് റഷീദും അണലി അക്‌ബറും കോവിലകത്ത് എത്തി. തങ്ങളുടെ അംബാസിഡർ കാറിൽ...

പ്രജീഷും ചന്ദ്രകലയും പൂമുഖത്തേക്ക് ഇറങ്ങിച്ചെന്നു.

''എന്താ പെട്ടെന്നു വരാൻ പറഞ്ഞത്?" അണലി കർച്ചീഫ് എടുത്ത് കഴുത്തു തുടച്ചു.

ചന്ദ്രകല കാര്യം പറഞ്ഞു.

അവർ പക്ഷേ ഞെട്ടിയില്ല.

അണലിയും പരുന്തും പരസ്പരം നോക്കി.

''എവിടെ കൊണ്ടു തട്ടണം?"

''ഊട്ടിയ്ക്കു പോകാനാണ് സൂസൻ വന്നത്. നിങ്ങൾ അവിടേക്കുതന്നെ പോകണം. ബോഡി ഏതെങ്കിലും കൊക്കയിൽ വലിച്ചെറിയുക. അവിടേക്കു തന്നെ കാറും തള്ളിവിടുക...."

ചന്ദ്രകല നിർദ്ദേശിച്ചു.

''അപ്പോൾ രാജമ്മ?"

പ്രജീഷ് ഇടയ്ക്കുകയറി തിരക്കി.

''അക്കാര്യം രാവിലെയല്ലേ?"

പ്രജീഷ് മിണ്ടിയില്ല.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

രാജമ്മ അറിയാതെ സൂസന്റെ ബോഡിയും ബാഗുകളും സെൽഫോണും അടക്കം അവളുടെ കാറിൽത്തന്നെ വച്ചു.

ചന്ദ്രകല ഒരു ലക്ഷം രൂപ പരുന്തിനെയും അണലിയെയും ഏൽപ്പിച്ചു.

''ഇത് ഡീസലടിക്കാൻ. ബാക്കി മടങ്ങി വന്നിട്ട്."

പണം വാങ്ങി അവർ പോയി.

സൂസന്റെ കാർ മുന്നിലും അംബാസിഡർ കാർ പിന്നിലുമായി ഗേറ്റു കടന്നു.

ചന്ദ്രകല ദീർഘമായി നിശ്വസിച്ചു.

ആ സമയം...

ജോലിക്കാരി സുധാമണിയുടെ വീട്.

സുധാമണിയും മകൾ രേവതിയും അന്ന് ഉറങ്ങിയില്ല.

വിവേക് മരിച്ചിട്ട് ഒരു മാസം തികഞ്ഞിരിക്കുന്നു.

ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും...

മേൽക്കൂരയിൽ നിന്ന് പല ഭാഗങ്ങളിലും വെള്ളം ചോർന്നു വീഴുന്നുണ്ട്.

സുധാമണി അവിടെയൊക്കെ ഓരോ പാത്രം എടുത്തുവയ്ക്കുന്നുണ്ട്.

''മഴ തോരുന്ന ലക്ഷണമില്ലല്ലോ..." പിറുപിറുത്തുകൊണ്ട് അവർ ജനലിലൂടെ പുറത്തേക്കു നോക്കി. പെട്ടെന്നൊരു മിന്നൽ.... സുധാമണിയിൽ നിന്ന് വിലാപം പോലെ ഒരു ശബ്ദമുയർന്നു.

(തുടരും)