karnataka-political-crisi

ന്യൂഡൽഹി: കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിയിലും ആയോഗ്യതയും സംബന്ധിച്ച കാര്യത്തിൽ അടുത്ത ചൊവ്വാഴ്ച വരെ സ്പീക്കർ തീരുമാനെമെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. കർണാടകത്തിൽ നിലവിലുള്ള സ്ഥിതി തുടരാനും സുപ്രീം കോടതി നിർദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എം.എൽ.എമാർ സമർപ്പിച്ച ഹർജി പരിഗണിക്കെയാണ് കോടതി ഇക്കാര്യം നിർദ്ദേശിച്ചത്.

സുപ്രീം കോടതി ഉത്തരവ് കർണാടക സ്പീർക്കർ കെ.ആർ രമേശ് ലംഘിച്ചുവെന്ന് എം.എൽ.എമാരുടെ അഭിഭാഷകനായ മുകുൾ റോഹ്ഗി വാദിച്ചു. നടപടി ലംഘിച്ച സ്പീക്കർക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കണമെന്നും മുകുൾ റോഹ്ഗി ആവശ്യപ്പെട്ടിരുന്നു. രാജി താമസിപ്പിച്ച എം.എൽ.എമാരെ ആയോഗ്യരാക്കാനുള്ള നടപടിയാണ് സ്പീക്കർ സ്വീകരിക്കുന്നതെന്നും റോഹ്ഗി പറഞ്ഞു.

അതേസമയം, സ്‌പീക്കർക്ക് വേണ്ടി അഭിഭാഷകനായ അഭിഷേക് മനു സിംഗ്‌വി ഹാജരായി. 1974-ലെ ദേദഗതി അനുസരിച്ച് എളുപ്പത്തിൽ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാർത്ഥമാണെന്നു ബോദ്ധ്യപ്പെടേണ്ടതുണ്ടെന്നും സിംഗ്‌വി കോടതിയിൽ പറഞ്ഞു. അയോഗ്യത ഒഴിവാക്കാനാണ് എം.എൽ.എമാർ രാജി സമർപ്പിച്ചതെന്നും സിംഗ്‌വി കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതി അധികാരം പ്രയോഗിക്കാൻ പാടില്ലെന്നാണോ താങ്കൾ ഉദ്ദേശിക്കുന്നതെന്ന് ഇതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ചോദിച്ചു. അങ്ങനെ കരുതുന്നില്ലെന്നും അയോഗ്യരാക്കാനുള്ള നടപടി ആരംഭിച്ചതിനു ശേഷമാണ് രണ്ട് എം.എൽ.എമാർ രാജി നൽകിയിരിക്കുന്നത്. എട്ടു പേർ അതിനു മുമ്പ് രാജിക്കത്ത് അയച്ചെങ്കിലും നേരിട്ടു ഹാജരായിരുന്നില്ലെന്നും സിംഗ്‌വി കോടതിയിൽ പറഞ്ഞു.