ശ്രീനഗർ: നദിയിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ പാക് ബാലന്റെ മൃതദേഹം ഇന്ത്യൻ സൈന്യം പാകിസ്ഥാന് കൈമാറി. പാകിസ്ഥാനിലെ ഗ്രാമത്തിലെ നദിയിൽ വീണ് മരിച്ച ബാലന്റെ മൃതദേഹം ഇന്ത്യൻ അതിർത്തി കടന്ന് ഒഴികെയത്തുകയായിരുന്നു. സുരക്ഷ പ്രശ്നങ്ങൾ അവഗണിച്ചാണ് ഇന്ത്യൻ ആർമി മൃതദേഹം കൈമാറിയത്. അതിർത്തിയിൽ നിന്നും ഈ വാർത്ത പുറത്തുവന്നതോടെ മനുഷ്യത്വത്തിനും സമാധാനത്തിനും പുതിയ മാനം നൽകുകയാണ് ഇന്ത്യൻ സൈന്യം.
മൂന്ന് ദിവസങ്ങൾ മുമ്പാണ് കുട്ടിയുടെ മൃതദേഹം അതിർത്തി കടന്ന് അച്ചൂര എന്ന ഗ്രാമത്തിൽ എത്തിയത്. കിഷൻഗംഗ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് കാണാതായെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. പാക് അധീന കാശ്മീരിലെ മിനിമാർഗ് അസ്തൂർ സ്വദേശിയായിരുന്ന 7 വയസുകാരനായ ആബിദ് ഷെയ്ഖിന്റെ മൃതദേഹമായിരുന്നു അത്.
In accordance to #IndianArmy ethos & as a #Humanitarian gesture Indian Army handed over mortal remains of seven year old Abid Ahmad Sheikh,who belongs to Minimarg, Gilgit to Pakistan authorities. #Humanity #OurMoralOurValues #IndianArmy. Read full story..https://t.co/d9KwgBzVY4 pic.twitter.com/SyyjCP1wAp
— ADG PI - INDIAN ARMY (@adgpi) July 11, 2019
അതേസമയം, അച്ചൂരയിൽ മൃതദേഹം സൂക്ഷിക്കാനായി മോർച്ചറി സൗകര്യം ഉണ്ടായിരുന്നില്ല. മഞ്ഞുമലകളിൽ നിന്നും വെട്ടിയെടുത്ത ഐസ് പാളികൾ ഉപയോഗിച്ച് മൃദേഹം കേടുവരാതെ ഗ്രാമീണർ സംരക്ഷിക്കുകയായിരുന്നു. മൃതദേഹം ഔദ്യോഗിക കൈമാറ്റങ്ങൾ നടത്തുന്ന കുപ്‌വാരയിലെ തീത്വാൾ ക്രോസിൽവെച്ച് നടത്തണമെന്ന് പാകിസ്ഥാൻ നിലപാടെത്തു. അച്ചൂരയിൽ നിന്നും 200 കിലോമീറ്റർ അകലെയാണത്.
എന്നാൽ ഗുരേസ് വാലിയിൽവച്ചു തന്നെ മൃതദേഹം കൈമാറാമെന്ന് ഇന്ത്യ നിലപാടെടുത്തെങ്കിലും ഗുരേസിന് ചുറ്റുമുള്ള മൈൻ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പാക് സൈന്യത്തിന്റെ ആശങ്ക. മൈനുകൾ പാകിയ അപകടം നിറഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച് മീറ്റിംഗ് പോയിന്റിലെത്തി ഉച്ചയോടെ മൃതദേഹം പരിശോധന കഴിഞ്ഞ് പാകിസ്ഥാന് കൈമാറുകയായിരുന്നു.