by-election

തിരുവനന്തപുരം : ഓണം കഴിഞ്ഞാലും ഇക്കുറി ആവേശം നിലയ്ക്കില്ല,തൊട്ടുപിന്നാലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. വട്ടിയൂർക്കാവ്,കോന്നി,അരൂർ,പാലാ,എറണാകുളം,മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ സാദ്ധ്യത. ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എമാരെ ഇടത് വലത് പാർട്ടികൾ നിയോഗിച്ചതാണ് നാല് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയത്. എന്നാൽ പാല,മഞ്ചേശ്വരം എന്നിവിടങ്ങളിൽ സിറ്റിംഗ് എം.എൽ.എമാർ മരണപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി തീർന്നത്.

ഒക്ടോബറോടെ ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ നൽകിയിട്ടുണ്ട്. കേരളത്തിനൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലും ഇക്കാലയളവിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ഉപതിരഞ്ഞെടുപ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ ചർച്ചയാവും. എണ്ണ വൈദ്യുതി നിരക്കുവർദ്ധനവും, ശബരിമല വിഷയത്തിൽ കേന്ദ്ര സമീപനവുമെല്ലാം മുഖ്യ വിഷയമാകും. അതേ സമയം ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റം സംസ്ഥാനത്ത് ആവർത്തിക്കാനാവും എന്ന കണക്ക് കൂട്ടലിലാണ് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറിൽ അഞ്ച് സീറ്റും യു.ഡി.എഫ് സിറ്റിംഗ് സീറ്റായിരുന്നുവെന്നതും അവർക്ക് മുൻകൈ നൽകുന്നുണ്ട്. എന്നാൽ വട്ടിയൂർക്കാവ്,കോന്നി,മഞ്ചേശ്വരം മണ്ഡലങ്ങൾ സ്വന്തമാക്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പിയുള്ളത്.