മോഹൻലാൽ ആരാധകരും തമിഴ്‌താരം സൂര്യയുടെ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കെ.വി ആനന്ദ് സംവിധാനം നിർവഹിക്കുന്ന കാപ്പാൻ. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ പാട്ടുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ സംവിധായകൻ കെ.വി ആനന്ദ് ചിത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. കാപ്പാനിൽ മോഹൻലാലിന്റെ വേഷം ചെയ്യാനായി ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനെയാണ് ആദ്യം സമീപിച്ചതെന്ന് കെ.വി ആനന്ദ് പറയുന്നു. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'അമിതാബ് ബച്ചനെയായിരുന്നു ഞങ്ങൾ ആദ്യം സമീപിച്ചിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നമായതിനാൽ മോഹൻലാലിനെ സമീപിക്കുകയായിരുന്നു. ആ വേഷം അദ്ദേഹം മനോഹരമായി ചെയ്തിട്ടുണ്ട്'- കെ.വി ആനന്ദ് പറഞ്ഞു. സൂര്യ ഉൾപ്പെടെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും പോസിറ്റീവും നെഗറ്റീവുമായ വശങ്ങൾ ഉണ്ടായിരിക്കും. ചിത്രത്തിൽ സൂര്യ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ് നൽകിയിരിക്കുന്നത്. ഒരു പ്രത്യേക രംഗത്തിനായി ഞങ്ങൾ ഒന്നിലധികം ടേക്കുകൾ എടുത്തിരുന്നു. എന്നിട്ടും സൂര്യ സംതൃപ്തനായില്ല. അതിനാൽ വീണ്ടും ഒരു ടേക്ക് കൂടി എടുക്കേണ്ടി വന്നു,' കെ.വി.ആനന്ദ് പറഞ്ഞു.
വിജയ്‌ക്കൊപ്പമുളള ജില്ലയായിരുന്നു മോഹൻലാലിന്റെതായി ഒടുവിൽ പുറത്തിറങ്ങിയിരുന്ന തമിഴ് ചിത്രം. വിജയ്‌ക്കൊപ്പമുളള ലാലേട്ടന്റെ വരവ് ആരാധകരും തമിഴ് പ്രേക്ഷകരും ഒന്നടങ്കം സ്വീകരിച്ചിരുന്നു. അയൻ,മാട്രാൻ എന്നീ സിനിമകൾക്കു ശേഷമാണ് സൂര്യയെ നായകനാക്കിയുളള പുതിയ ചിത്രവുമായി കെ.വി ആനന്ദ് എത്തുന്നത്. ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയായി മോഹൻലാൽ എത്തുമ്പോൾ എൻ.എസ്.ജി ഓഫീസറായിട്ടാണ് സൂര്യ എത്തുന്നത്. മോഹൻലാലും സൂര്യയും ഒന്നിച്ചെത്തുന്നത് തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം. എൻ.ജി.കെയുടെ പരാജയത്തിന് ശേഷമാണ് സൂര്യയുടെ പുതിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.